തീപിടിത്തം: ആശങ്ക വേണ്ടാ, രേഖകൾ തിരിച്ചുകിട്ടാൻ നടപടി -മന്ത്രി രാജൻ



വടകര: തീപിടിത്തത്തിൽ രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. എല്ലാവർക്കും രേഖകൾ തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കും. തിങ്കളാഴ്ചതന്നെ താലൂക്ക് ഓഫീസ് പ്രവർത്തനം സമീപത്തെ വാടകക്കെട്ടിടത്തിൽ തുടങ്ങും. ഇവിടെ ഒരു ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കും. നിലവിൽ പെൻഡിങ് ഫയൽ ഉള്ള ആർക്കും ഹെൽപ്പ് ഡെസ്‌കിനെ സമീപിച്ച് തങ്ങളുടെ രേഖകൾ സുരക്ഷിതമാണോ എന്നുറപ്പിക്കാം. 2019 മുതൽ വടകര താലൂക്ക് ഓഫീസിലെ ഫയലുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതിനാൽ കുറെ രേഖകൾ സ്കാൻഡ് കോപ്പിയെന്ന നിലയിൽ സുരക്ഷിതമായിരിക്കും.

രണ്ടാംഘട്ടത്തിൽ രേഖകൾ ലഭ്യമാക്കാൻ വില്ലേജ്തലത്തിലും താലൂക്ക് തലത്തിലും അദാലത്തുകൾ സംഘടിപ്പിക്കും. എന്നിട്ടും രേഖകൾ കിട്ടാത്തവരുണ്ടെങ്കിൽ മന്ത്രിതന്നെ പങ്കെടുക്കുന്ന അദാലത്തുണ്ടാകും. പ്രളയസമയത്ത് രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാൻ ചെയ്ത അതേരീതി ഇവിടെയും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, എം.എൽ.എ.മാരായ കെ.കെ. രമ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Post a Comment

Previous Post Next Post