കോഴിക്കോട്:ആരാധകർക്ക് സന്തോഷം പകർന്ന് കോഴിക്കോട്ട് ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഒരുങ്ങുന്നു. സ്റ്റേഡിയം നിർമാണത്തിന് പത്തേക്കർ സ്ഥലം വാങ്ങാൻ അസോസിയേഷൻ താത്പര്യപത്രം ക്ഷണിച്ചു. നഗരത്തിന് 18 കിലോമീറ്റർ പരിധിയിലാണ് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നത്. സ്റ്റേഡിയത്തിനൊപ്പം ക്രിക്കറ്റ് അക്കാദമിയും സ്ഥാപിക്കുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സനിൽ ചന്ദ്രൻ പറഞ്ഞു. രഞ്ജി ട്രോഫി ഉൾപ്പെടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടത്താൻ സാധിക്കുന്ന മൈതാനമാവും ഒരുങ്ങുക. മികച്ച താരങ്ങൾ ഉയർന്നുവരാനും സ്റ്റേഡിയം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഫുട്ബോളിനെപ്പോലെ ക്രിക്കറ്റിനും വളക്കൂറുള്ള മണ്ണാണ് കോഴിക്കോടിന്റേത്. വിദേശ ടീമുകളുടേതടക്കം ഒട്ടേറെ മത്സരങ്ങൾക്ക് കോഴിക്കോട് വേദിയായിട്ടുണ്ട്. ഇതിഹാസതാരങ്ങളായ സുനിൽ ഗാവസ്കറും കപിൽദേവും മുഹമ്മദ് അസറുദ്ദീനും രവിശാസ്ത്രിയും ഉൾപ്പെടെയുള്ളവർ ഇവിടെ കളിക്കാനെത്തിയിരുന്നു. എന്നാൽ, മത്സരങ്ങൾക്കും പരിശീലനത്തിനും സൗകര്യം പരിമിതമാണ്.
ഈ സാഹചര്യത്തിലാണ് കോഴിക്കോട് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ക്രിക്കറ്റ് അസോസിയേഷൻ രംഗത്തുവന്നിരിക്കുന്നത്.