കോഴിക്കോട്, വയനാട് യാത്രക്കാരുടെ ചിരകാല സ്വപ്നസാഫല്യം: മലാപ്പറമ്പ് - പുതുപ്പാടി ദേശിയ പാത വികസനത്തിൻ 454.01 കോടി രൂപ



കോഴിക്കോട്:മലാപ്പറമ്പ് - പുതുപ്പാടി വരെ ദേശീയപാതാവികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

മലബാറിന്‍റെ ദീര്‍ഘകാല ആവശ്യമായിരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട് - മുത്തങ്ങ ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റശേഷം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കോഴിക്കോട് - മുത്തങ്ങ ദേശീയപാതാ വികസനം സംബന്ധിച്ച് പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പുതുപ്പാടി മുതല്‍ മുത്തങ്ങ വരെ വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കുന്നതിന് ആദ്യഘട്ടത്തില്‍ ഫണ്ടനുവദിച്ചു. ഇപ്പോള്‍ ബാക്കിയുള്ള മലാപ്പറമ്പ് - പുതുപ്പാടി വരെയുള്ള വികസനവും യാഥാര്‍ത്ഥ്യമാവുകയാണ്. 
മലാപ്പറമ്പ് മുതല്‍ പുതുപ്പാടി വരെ നവീകരിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിനായി 454.01 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പേവ്ഡ് ഷോള്‍ഡറോട് കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശവും പദ്ധതിയിലുണ്ട്. 

സംസ്ഥാന ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിശോധിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്. ബഹു. മുഖ്യമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പാത നവീകരിക്കുന്നതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടല്‍ നടത്തും.

Post a Comment

Previous Post Next Post