വടകര സാൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു നശിക്കുന്നുവടകര: സാൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താണു കൊണ്ടിരിക്കുന്നത്. കടൽ ക്ഷോഭം ശക്തമാകുമ്പോൾ പുഴയിലേക്ക് അടിച്ചു കയറുന്ന വെള്ളം സാൻഡ് ബാങ്ക്സിലേക്ക് എത്തും. പുഴയോരത്തെ നടപ്പാതയിലും ഇരിപ്പിടങ്ങളിലും വരെ വെള്ളം കയറുന്നത് പതിവാണ്. രണ്ടു ഘട്ടമായി ഇവിടെ സ്ഥാപിച്ച കരിങ്കൽ ഭിത്തിയുടെ ഒരു ഭാഗം വൻ തോതിൽ ഇടിഞ്ഞു താണിട്ടുണ്ട്. 

ഇതു മൂലം വെള്ളം എളുപ്പത്തിൽ സാൻഡ് ബാങ്ക്സിലേക്ക് അടിച്ചു കയറും. ഓരോ കടൽ കയറ്റത്തിലും ഭിത്തി താഴുകയാണ്. ചില ഭാഗത്ത് ഭിത്തിക്ക് പിറകിലെ മൺ തിട്ട ഇടിഞ്ഞു വീണിട്ടുണ്ട്. ഇത് അപകടമുണ്ടാക്കുന്നതിനു പുറമേ വൻ തോതിൽ കര ഇടിക്കാനും സാധ്യതയുണ്ട്. ഇടിയുന്ന തിരത്തിനു സമീപത്താണ് സാൻഡ് ബാങ്ക്സിലെ കഫ്റ്റീരിയയും വിശ്രമ മുറിയും ശുചിമുറികളും. ഈ കെട്ടിടങ്ങൾക്കും തീരം ഇടിയുന്നത് ഭീഷണിയാണ്.  

ഭിത്തി താഴ്ന്നതു കൊണ്ട് കടൽ വെള്ളത്തിനൊപ്പം മാലിന്യവും അടിഞ്ഞു കൂടുന്നു. രണ്ടാഴ്ച മുൻപ് വൻ തോതിൽ മാലിന്യം അടിഞ്ഞു കൂടിയത് ഇനിയും നീക്കി തീർന്നിട്ടില്ല. തെങ്ങിൻ കുറ്റികളും പ്ലാസ്റ്റിക്, തെർമോകോൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഒഴുകിയെത്തിയത്. ഭിത്തിക്ക് ഉയരമുണ്ടെങ്കിൽ മാലിന്യം കയറില്ലായിരുന്നു. നിലവിലുള്ള ഭിത്തി ഉയർത്തി തീരം സംരക്ഷിക്കുന്നതിനു പുറമേ ഇതു വഴി നടപ്പാതയുണ്ടാക്കിയാൽ സഞ്ചാരികൾക്കും പ്രഭാത സായാഹ്ന നടത്തക്കാർക്കും ഉപയോഗിക്കാൻ കഴിയും. ഇതിനുള്ള ആലോചന നേരത്തേ നടന്നിരുന്നു.

Post a Comment

Previous Post Next Post