പടനിലം പാലത്തിന് ശാപമോക്ഷം: പുതുക്കിയ ഭരണാനുമതിയായിപടനിലം:പടനിലം പാലം നിര്‍മ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ അറിയിച്ചു. പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്തുള്ള ഇടുങ്ങിയ പാലം ഏറെക്കാലമായി ഗതാഗതക്കുരുക്കിന് ഇടയാക്കി വരികയാണ്. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാത്തതുകാരണം ഇരുഭാഗത്തേക്കും കടന്നുപോവുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന് ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യമുന്നയിച്ചുവരികയായിരുന്നു.
2011 ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടെയും, 2018 ല്‍ പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പാലം നിര്‍മ്മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂ ഉടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാന്‍ നാട്ടുകാരുടെ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും ചില ഭൂ ഉടമകള്‍ ആയത് നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പാലം പ്രവൃത്തി നേരത്തേ ടെണ്ടര്‍ ചെയ്യാന്‍ സാധിക്കാതെ പോയത്.

അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്ത് ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയിലാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും. 1 കോടി രൂപ ചെലവില്‍ വീതികൂട്ടി നവീകരിക്കുന്നതിന് അനുമതിയായ പടനിലം ജംഗ്ഷന്റെ പ്രവൃത്തികൂടി പാലത്തിനൊപ്പം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഭൂ ഉടമകള്‍ക്ക് പണം കൈമാറി പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെണ്ടര്‍ ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

Padanilam bridge as revised administrative permission

Post a Comment

Previous Post Next Post