അനധികൃതമായി രക്തം ശേഖരണം : പരിശോധന നടത്തി ഡ്രഗ്സ് കൺട്രോൾ വിഭാഗം



കോഴിക്കോട്:ഫറോക്കിൽ പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് ഹോസ്പിറ്റലിൽ അനധികൃതമായി രക്തം ശേഖരിച്ച് രോഗികൾക്ക് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി. പരിശോധനയിൽ രക്തം ശേഖരിക്കുന്നതിന് വേണ്ടി സ്ഥാപനത്തിൽ സൂക്ഷിച്ച ബ്ലഡ് ബാഗുകളും സ്ഥിരമായി അനധികൃത രക്തശേഖരണവും ഉപയോഗവും നടത്തുന്നതുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത രേഖകളും, ബ്ലഡ് ബാഗുകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് മുമ്പാകെ സമർപ്പിച്ചു.
രക്തശേഖരണവും രക്തഘടകങ്ങളുടെ വേർതിരിക്കലും നടത്തേണ്ടത് അംഗീകാരമുള്ള രക്തബാങ്കുകളിൽ മാത്രമാണ്. ഇപ്രകാരമുള്ള രക്തബാങ്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് കേന്ദ്ര-സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംയുക്ത പരിശോധന നടത്തി ആവശ്യമായ സജ്ജീകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ്.

ലൈസൻസ് അനുവദിച്ച സ്ഥാപനങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് എല്ലാ വർഷങ്ങളിലും പരിശോധനകൾ നടത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. രക്ത ബാങ്കുകളിലൂടെ അല്ലാതെ രക്തം ശേഖരിച്ച് രോഗികൾക്ക് നൽകുന്നതുമൂലം വിവിധ രോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമാകുന്നു.


ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാതെയും പരിശോധനകൾ നടത്താതെയും രക്തം ശേഖിക്കുന്നതും നൽകുന്നതും മൂലം രോഗികളിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ റിയാക്ഷൻ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിയടാക്കുന്നു. ഇത് രോഗികളുടെ മരണത്തിന് തന്നെ കാരണമാകുന്നതാണ്. ഇതിനാൽ സ്ഥാപനത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി എത്രയും പെട്ടെന്ന് കേസ് ഫയൽ ചെയ്യുന്നതാണെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി.എം.വർഗ്ഗീസ് അറിയിച്ചു. 

റീജ്യണൽ ഡ്രഗ്സ് ഇൻസ്പെക്ടറായ ബെന്നി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡ്രഗ്സ് ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ ഷിനു.വി.കെ, ഡ്രഗ്സ് ഇൻസ്പെക്ടർമാരായ നൗഫൽ സി.വി, നീതു.കെ, ശാന്തികൃഷ്ണ.യു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post