വാതകച്ചോർച്ച; അദാനി കമ്പനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം



ബാലുശ്ശേരി:സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തിയിലെ അശ്രദ്ധ കാരണം കരുമലയിൽ രണ്ടിടത്ത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ് ലൈൻ തകർന്നു വാതകം ചോർന്നു. പ്രകൃതി വാതകം വീടുകളിൽ എത്തിക്കുന്നതിനായി സജ്ജീകരിച്ച പൈപ്പ് ലൈനിലാണു നാശമുണ്ടായത്. റോഡ് പ്രവൃത്തിക്കിടെ ഉരുകിയ ടാർ പൈപ്പ് ലൈനിൽ പതിച്ചതാണ് പ്രശ്നമായത്. മണ്ണിനടിയിൽ നിശ്ചിത ആഴത്തിലൂടെ സ്ഥാപിച്ച പൈപ്പ് ലൈനിൽ നിന്നു വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിനായി ഉയർത്തിവച്ച ഭാഗത്താണ് ടാർ വീണത്.വാതക ചോർച്ച ശ്രദ്ധയിൽപെട്ട ഉടൻ അദാനി ഗ്യാസ് അധികൃതർ പമ്പിങ് സ്റ്റേഷനിൽ വച്ച് വാതകം നിയന്ത്രണ വിധേയമാക്കി. നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സഥലത്തെത്തി.
റോഡ് കരാർ കമ്പനിക്കെതിരെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അധികൃതർ പൊലീസിൽ പരാതി നൽകി.ഇതിനു മുൻപും റോഡ് കരാർ കമ്പനിയുടെ ഭാഗത്തു നിന്ന് അശ്രദ്ധമായ പ്രവൃത്തികൾ ഉണ്ടായതായും 4 തവണ നാശം സംഭവിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റീൽ പൈപ്പ് ലൈൻ നെറ്റ്‌വർക്കിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ടിഎൽപി ബോക്സുകൾ മൂന്നിടത്ത് നശിപ്പിച്ചിരുന്നു. ആകെ 25 ലക്ഷം രൂപയുടെ നാശമാണ് ഉണ്ടായതെന്ന് അദാനി ഗ്യാസ് അധികൃതർ പറഞ്ഞു. ഗ്യാസ് പൈപ്പ് ലൈനിലും അനുബന്ധ സംവിധാനങ്ങൾക്കും റോഡ് കരാർ കമ്പനി നിരന്തരം നാശങ്ങൾ വരുത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അദാനി ഗ്യാസ് ജില്ലാ ഭരണകൂടത്തിനു പരാതി നൽകിയിരുന്നു.

തുടർന്ന് എഡിഎമ്മിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനങ്ങളും റോഡ് കരാർ കമ്പനി പാലിച്ചില്ലെന്നാണു പരാതി. നിർമാണ പ്രവൃത്തികൾ നേരത്തെ അറിയിക്കണമെന്നും അനുബന്ധ റോഡുകൾ ചേരുന്ന ഭാഗത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിക്കരുതെന്നുമായിരുന്നു നി‍ർദേശങ്ങൾ. പൈപ്പ് ലൈനിൽ നാശം വരുന്നതോടെ പൂർവ സ്ഥിതിയിലാക്കുന്നതിനായി ഒട്ടേറെ പരിശോധനകൾ ആവശ്യമായി വരുന്നുണ്ട്. വാതക ചോർച്ച ഉണ്ടായ സ്ഥലങ്ങൾ പൊലീസ് പരിശോധിച്ചു. എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പിഎൻജി. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നു അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post