അനധികൃത പാർക്കിങ്ങിൽ ഞെരുങ്ങി തിരുവമ്പാടി ബസ് സ്റ്റാൻഡ്

തിരുവമ്പാടി ബസ് സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്


തിരുവമ്പാടി : ജനത്തിരക്കും ബസുകളുടെ ബാഹുല്യവുമേറിയ തിരുവമ്പാടി ബസ് സ്റ്റാൻഡ് സ്വകാര്യവാഹനങ്ങൾ കൈയടക്കുന്നത് ഗതാഗതപ്രശ്നം സങ്കീർണമാക്കുന്നു.നിന്നുതിരിയാനിടമില്ലാത്ത സ്റ്റാൻഡിൽ നൂറിൽപ്പരം ട്രാൻസ്പോർട്ട്, സ്വകാര്യബസുകൾ നിത്യേന കയറിയിറങ്ങുന്നുണ്ട്. നീളംകൂടിയ ബസുകൾ തിരിക്കാൻ പെടാപാടുപെടുന്ന സ്റ്റാൻഡാണിത്. ഇതിനിടയിലാണ് സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്.

കാറുകളും വാനുകളും ബൈക്കുകളും ഉൾപ്പെടെ സ്വകാര്യവാഹനങ്ങളുടെ നീണ്ട പാർക്കിങ് മൂലം വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിലകപ്പെടുന്നു. സ്ഥിരമായി മണിക്കുറുകൾവരെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുണ്ടിവിടെ. തിരക്കേറിയ ബസ് സ്റ്റാൻഡ് മുറിച്ചുകടന്നുപോകുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണവും കൂടിവരുന്നു. പാർക്കിങ് നിരോധിച്ച് ഗ്രാമപ്പഞ്ചായത്തിന്റേയും പോലീസിന്റേയും നോ പാർക്കിങ് ബോർഡ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽതന്നെയുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. ട്രാഫിക് നിയന്ത്രണത്തിനും ക്രമസമാധാനപരിപാലനത്തിനുമായി ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ല.


വല്ലപ്പോഴും മാത്രമാണ് സ്റ്റാൻഡിൽ പോലീസ് ഡ്യൂട്ടിക്കെത്തുന്നത്. നഗരത്തിൽ രണ്ടിടങ്ങളിലായി സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും റോഡരികിലും ബസ് സ്റ്റാൻഡിലുമാണ് കൂടുതൽവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. രാവിലെയും വൈകീട്ടും ആനക്കാംപൊയിൽ റോഡിൽ ബസ് സ്റ്റാൻഡ്മുതൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസുവരെ റോഡിന്റെ ഒരുവശം പൂർണമായും കൈയടക്കി നീണ്ട പാർക്കിങ് കാണാം. ഇതും ഗതാഗതപ്രശ്നം രൂക്ഷമാക്കുകയാണ്.

തിരുവമ്പാടി നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ പുതിയ ബസ് സ്റ്റാൻഡ് വേണമെന്നാവശ്യം ശക്തമാണ്. കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്കായി കറ്റിയാട്ട് പുതുതായി ട്രാൻസ്പോർട്ട് സ്റ്റാൻഡ് തുടങ്ങാൻ നീക്കം നടക്കുന്നുണ്ട്. ട്രാൻസ്പോർട്ട് ബസുകൾ അവിടേക്ക് മാറുമെങ്കിലും നിലവിലെ സ്റ്റാൻഡിലെ പ്രശ്നത്തിന് വലിയമാറ്റം വരാൻ സാധ്യതയില്ല.

120-ഓളം സ്വകാര്യബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 90-ഓളം ബസുകളാണുള്ളത്. കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ അനുവദിച്ചതോടെ കൂടുതൽ ട്രാൻസ്പോർട്ട് ബസുകൾ എത്തിയതോടെ സ്വകാര്യബസുകൾ പലതും സർവീസ് റദ്ദാക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയും മറ്റൊരു കാരണമായി.


ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ നിന്നുതിരിയാനിടമില്ലാതെ ബസുകൾ പാടുപെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. 2022 വർഷത്തെ സംസ്ഥാനബജറ്റിൽ തിരുവമ്പാടി ബൈപ്പാസിന് 20 കോടിയും തിരുവമ്പാടി ടൗൺ പരിഷ്കരണത്തിന് നാലുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

എന്നാൽ പുതിയ ബസ് സ്റ്റാൻഡ് ഇതിൽപ്പെടുന്നില്ലെന്ന് ലിന്റോ ജോസഫ് എം. എൽ.എ. അറിയിച്ചു. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പശ്ചാത്തലത്തിലാണ് തിരുവമ്പാടിയിൽ പുതിയ ബൈപ്പാസ് പദ്ധതി വരുന്നത്. പാർകിങ് നിരോധനം ബോർഡിൽ മാത്രമൊതുങ്ങുകയാണ്

Post a Comment

Previous Post Next Post