വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി: മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു. കെട്ടിടമുള്‍പ്പെടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് സാമൂഹ്യ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ഒരു പോസിറ്റീവ് എനര്‍ജിയിലേക്ക് കുട്ടികളെ എത്തിക്കണമെങ്കില്‍ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് കളിസ്ഥലങ്ങളും ഷട്ടില്‍കോര്‍ട്ടും പൂന്തോട്ടമുള്‍പ്പെടെയുള്ളവ വേണം എന്ന ആവശ്യം ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്. 

ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തി നവീകരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Post a Comment

Previous Post Next Post