രാമനാട്ടുകര മുതൽ അഴിയൂർ വരെ; മാറ്റങ്ങൾ വിളിച്ചോതി ജില്ലയിലെ ദേശിയപാത വികസനം


കോഴിക്കോട് : ജില്ലയിൽ രാമനാട്ടുകരമുതൽ അഴിയൂർവരെ ദേശീയപാതയിലൂടെയുള്ള യാത്രാനുഭവം ഇനി മാറുകയാണ്... 69.2 കിലോമീറ്റർ ദൂരം ആറുവരിപ്പാതയായി വികസിക്കുമ്പോൾ ഒരിടത്തും കുരുക്കിൽപ്പെടാതെ കണ്ണൂരിലേക്കും മലപ്പുറത്തേക്കും കുതിക്കാം. രണ്ടോമൂന്നോ വർഷത്തിനകം ആ സ്വപ്നയാത്ര യാഥാർഥ്യമാവും. അതോടൊപ്പം കോഴിക്കോട് ജില്ലയുടെ മുഖച്ഛായതന്നെ മാറും. രാമനാട്ടുകരമുതൽ പുതിയ കാഴ്ചകളാണ് എല്ലായിടത്തും. രണ്ടുവരിപ്പാതയിൽനിന്ന് 45 മീറ്ററിലേക്ക് വികസിക്കുക മാത്രമല്ല, പുതിയ പാതകൾതന്നെ രൂപപ്പെടുന്ന ഇടങ്ങളുണ്ട്. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള 28.4 കിലോമീറ്ററിൽ ഏഴ് മേൽപ്പാലങ്ങളാണ് ഉയരുന്നത്. മലാപ്പറമ്പിലും വേങ്ങേരിയിലും കൊയിലാണ്ടി കോമത്ത്കരയിലും ഭൂഗർഭപാതയായി ദേശീയപാത കടന്നുപോകും. ജില്ലയുടെ അതിർത്തി അവസാനിക്കുന്ന അഴിയൂരിൽ തലശ്ശേരി-മാഹി ബൈപ്പാസിലേക്കാണ് പാത പ്രവേശിക്കുന്നത്.

അതിവേഗത്തിലേക്ക്...

കോഴിക്കോട് ബൈപ്പാസിൽ രാമനാട്ടുകരമുതൽ പന്തീരങ്കാവുവരെയുള്ള ഭാഗത്തും വേങ്ങേരിക്കടുത്ത് കുണ്ടുപറമ്പിലും മൊകവൂരിലുമെല്ലാം റോഡ് കോൺക്രീറ്റ് ചെയ്തുതുടങ്ങിയിട്ടുണ്ട്. വൈകാതെ അതുവഴി വാഹനങ്ങൾ കടത്തിവിടും. രാമനാട്ടുകരമുതൽ പൂളാടിക്കുന്നുവരെ ആറുവരിപ്പാതയുടെ പലതരം പ്രവൃത്തികളാണ് നടക്കുന്നത്. കാൽനടയാത്രക്കാർക്ക് മുറിച്ചുകടക്കാനുള്ള അടിപ്പാതകളുടെ നിർമാണം തുടങ്ങിയിട്ടുണ്ട് പലയിടത്തും. പുറക്കാട്ടിരിയിൽ പുതിയ പാലത്തിനുള്ള പൈലിങ് നടക്കുന്നു. ബൈപ്പാസ് പിന്നിട്ട് വെങ്ങളം ജങ്ഷനിലെത്തുമ്പോൾ ആറുവരിപ്പാതയുടെ പ്രാരംഭനടപടികളാണ് കാണാനാവുക. തിരുവങ്ങൂർ ഉൾപ്പെടെയുള്ളയിടങ്ങളിൽ റോഡിനായി കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ചിലയിടങ്ങളിൽ പൊളിച്ചതിന്റെ ബാക്കി ശേഷിക്കുന്നുണ്ട്. മുറിച്ചിട്ട മരങ്ങളുമുണ്ട്. ചെങ്ങോട്ട്കാവുവരെ ഇത്തരം കാഴ്ചകളാണ്. പയ്യോളി ടൗൺ പിന്നിട്ട് അയനിക്കാട് എത്തുമ്പോഴാണ് പ്രവൃത്തിയുടെ പുരോഗതി മനസ്സിലാവുക. രണ്ടുവരിപ്പാത അവിടെ വിശാലമായ റോഡായി മാറിക്കഴിഞ്ഞു.


യാത്ര ചെയ്യാം, കൊയിലാണ്ടി നഗരം തൊടാതെ

കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻമുതൽ കൊല്ലം ടൗൺ കഴിയുന്നതുവരെയുള്ള യാത്ര ദേശീയപാതയിലൂടെ കടന്നുപോവുന്നവർക്ക് ദുരിതാനുഭവംതന്നെയാണ്. നീണ്ട വാഹനച്ചങ്ങലയ്ക്കുപിന്നാലെ കാത്തും ഇഴഞ്ഞും നീങ്ങി രക്ഷപ്പെടുമ്പോഴേക്കും ഒരുമണിക്കൂറിൽപ്പരം സമയമാകും.

ആ ദുരിതയാത്ര തീരാൻപോവുകയാണ്. കൊയിലാണ്ടിയെയും കൊല്ലത്തെയും ദുരിതാനുഭവം ഓർക്കുകയേ വേണ്ട. ദേശീയപാതയിൽ ചെങ്ങോട്ടുകാവിൽനിന്ന് നന്തിവരെ നഗരവും തിരക്കുമൊന്നും തൊടാതെ, 11 കിലോമീറ്ററിൽ പുതിയ ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണ്. മേലൂർ, കോമത്ത്കര, പന്തലായനി തുടങ്ങി കൊയിലാണ്ടിയിലെ പ്രാന്തപ്രദേശങ്ങളിലൂടെ കുന്നും വയലുമൊക്കെ താണ്ടിയാണ് ബൈപ്പാസ് കടന്നുപോവുന്നത്.

1 / 6
2 / 6
3 / 6
4 / 6
5 / 6
6 / 6
1
2
3
4
5
6

IMAGES COURTESY TO TK ORGINALS

നന്തിമുതൽ മുചുകുന്ന്-ആനക്കുളം റോഡ്‌ വരെ പാത മണ്ണിട്ട് നിരപ്പാക്കിത്തുടങ്ങി. നന്തിയിലെ ശ്രീശൈലം കുന്നും മൂടാടിയിലെ ഗോപാലപുരം കുന്നുമെല്ലാം ബൈപ്പാസിനായി ഇടിച്ചുനിരത്തിത്തുടങ്ങി.

മൂടാടിയിലെ ചാലിവയലിൽ മണ്ണിട്ട് പാതയുടെ പണിതുടങ്ങി. പലയിടത്തും നിലവിലുള്ള ദേശീയപാതയിൽനിന്ന് അഞ്ഞൂറുമുതൽ ഒരുകിലോമീറ്റർവരെ ദൂരത്തിലാണ് ബൈപ്പാസ് കടന്നുപോവുന്നത്. പ്രധാന റോഡുകൾ അടിപ്പാതയായി കടന്നുപോവും. കൊയിലാണ്ടി-താമരശ്ശേരി റോഡിലെത്തുമ്പോൾ ബൈപ്പാസ് ഭൂഗർഭപാതയായി മാറും.

കോഴിക്കോടുനിന്ന് യാത്രചെയ്യുമ്പോൾ ചെങ്ങോട്ടുകാവ് പാലത്തിന്റെ തൊട്ടുമുമ്പ് കിഴക്കുഭാഗത്തുകൂടിയാണ് ബൈപ്പാസ് തുടങ്ങുന്നത്. റെയിൽപാളത്തിനപ്പുറത്തായിപ്പോയ പന്തലായനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ബൈപ്പാസിലെ ടൗണായി ഭാവിയിൽ വികസിച്ചേക്കാം.


പാലോളിപ്പാലം പഴയ സ്ഥലമല്ല

വെങ്ങളം-അഴിയൂർ ആറുവരിപ്പാതയിൽ ഏറ്റവും കൂടുതൽ പ്രവൃത്തി പുരോഗമിച്ചത് പാലോളിപ്പാലത്തിനും മൂരാടിനുമിടയിലുള്ള 2.1 കിലോമീറ്റർ സ്ഥലത്താണ്. വടകരയ്ക്കടുത്തുള്ള പാലോളിപ്പാലത്ത് ഇരുന്നൂറ്‌ മീറ്ററിലധികം കോൺക്രീറ്റ് റോഡാക്കിയിട്ടുണ്ട്. അതുവഴി വാഹനവും കടത്തിവിട്ടുതുടങ്ങി.

ഒരുവശത്തുകൂടെ വാഹനം പോവുമ്പോൾ മറുവശത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. ആറുമാസംമുമ്പ് വന്നവർക്ക് ഇപ്പോൾ പാലോളിപ്പാലം കണ്ടാൽ മനസ്സിലാവില്ലെന്ന് രുചി ഹോട്ടലിന്റെ ഉടമ ബാലകൃഷ്ണൻ പറയുന്നു. റോഡിനായി കടകളെല്ലാം പൊളിച്ചുമാറ്റിയപ്പോൾ പഴയവയിൽ അവശേഷിക്കുന്നത് ബാലകൃഷ്ണന്റെ രുചി ഹോട്ടലും റേഷൻകടയും ടൈലറിങ് ഷോപ്പുമുൾപ്പെടെ ഏതാനും സ്ഥാപനങ്ങൾമാത്രം.


മൂരാട് പാലത്തിൽ കുടുങ്ങേണ്ട

ദേശീയപാതയിലൂടെയുള്ള യാത്രയിൽ ഏറ്റവും കൂടുതൽ സമയം കവരുന്ന മറ്റൊരിടം മൂരാടു പാലമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിലൂടെ വലിയ ഒരു വാഹനത്തിന് കടന്നുപോവാനുള്ള വീതിയേ ഉള്ളൂ. അതുകൊണ്ട് തിരക്കുള്ള സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. അതിന് പരിഹാരമാവും പുതിയ ആറുവരിപ്പാലം. നിലവിലുള്ള പാലം പൊളിക്കാതെയാണ് അതിന് പടിഞ്ഞാറുഭാഗത്തായി 45 മീറ്ററിൽ പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ തൂണുകൾ ഉയർന്നുതുടങ്ങി. പാലത്തിന്റെ ഭാഗങ്ങളും റോഡരികിൽ കോൺക്രീറ്റ് ചെയ്തുവെച്ചിട്ടുണ്ട്. ഒരുവർഷത്തിനകം പുതിയപാലത്തിലൂടെ യാത്ര സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഞ്ഞുപോവും, പയ്യോളി ടൗൺ

ആറുവരിപ്പാത വരുന്നതോടെ പയ്യോളിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചുമാറ്റും. പഴയ പയ്യോളി ടൗൺതന്നെ ഇല്ലാതാവും. ബസ് സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങളും കോടതി കെട്ടിടവുമേ അവശേഷിക്കുകയുള്ളൂ. റോഡ് നിർമാണത്തിന്റെ ഭാഗമായി ഒരുഭാഗത്തെ കടകൾ പൂർണമായി പൊളിച്ചുമാറ്റിത്തുടങ്ങി. ചില കടകളിൽ തത്കാലം കച്ചവടം നടക്കുന്നുണ്ടെങ്കിലും അവരും ഏതുദിവസം വേണമെങ്കിലും ഒഴിഞ്ഞുപോവാനുള്ള തയ്യാറെടുപ്പിലാണ്.

Post a Comment

Previous Post Next Post