നഗരത്തിലെ 6 കെട്ടിടങ്ങൾ എന്ന് പുതുക്കിപ്പണിയും...? കാത്തിരിപ്പ് നീളുന്നു



കോഴിക്കോട് : കാലപ്പഴക്കത്താൽ ജീർണിച്ച നഗരത്തിലെ ആറ് കെട്ടിടങ്ങൾ പൊളിച്ച് പണിയാനുള്ള തീരുമാനത്തിന് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം നൽകി ഒരുമാസം പിന്നിട്ടിട്ടും യാതൊരു നടപടികളുമായില്ല.

വരുമാന വർദ്ധനവ് ഉൾപ്പടെ ലക്ഷ്യമിട്ടാണ് നഗരത്തിലെ 12 കെട്ടിടങ്ങൾ പുതുക്കി പണിയാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് കെട്ടിടങ്ങൾ പൊളിച്ച് പണിയാൻ കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകിയത്.
ടാഗോർ സെന്റിനറി ഹാൾ, മെഡിക്കൽ കോളേജ് വേണാട് ബിൽഡിംഗ്, അരീക്കാട് ബിൽഡിംഗ്, നടക്കാവ് റസിഡൻഷ്യൽ കം കൊമേഴ്‌സ്യൽ ബിൽഡിംഗ്, കാരപ്പറമ്പ് ബിൽഡിംഗ്, പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം എന്നിവയാണ് ആദ്യം പൊളിച്ചു പണിയാൻ തീരുമാനിച്ചിരുന്നത്.

ഓരോ കെട്ടിടത്തിനും പ്രത്യേകം ഡി.പി.ആർ ക്ഷണിക്കാനാണ് തീരുമാനം. എന്നാൽ ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടിലെന്ന് പ്രതിപക്ഷമുൾപ്പടെ ആരോപിക്കുന്നു. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും അപകട ഭീഷണി ഉയർത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. നിരവധി കച്ചവട സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണിത്. ടാഗോർ ഹാൾ പൊളിച്ച് പണിയാൻ കോർപ്പറേഷൻ നേരത്തെ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ചടങ്ങുകൾക്ക് ഹാൾ അനുവദിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് പുതുക്കിപ്പണിയാമെന്ന തീരുമാനത്തിലെത്തിയത്.


മിഠായിത്തെരുവിലെ സത്രം ബിൽഡിംഗിന്റെ അവസ്ഥ വരരുത്

മിഠായിത്തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ച് പാർക്കിംഗ് പ്ലാസ പണിയാനുള്ള നടപടികളിലേക്കെത്താൻ വർഷങ്ങളുടെ കാത്തിരിപ്പാണുണ്ടായത്. കെ.ടി.ഡി.സിയുടെ ഹോട്ടൽ ഉൾപ്പടെ ഒഴിപ്പിച്ചാണ് പാർക്കിംഗ് പ്ലസയ്ക്കുള്ള ശ്രമം ആരംഭിച്ചത്. മറ്റ് നടപടിക ക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങളെടുത്തു. പൊളിക്കാൻ തുടങ്ങിയിട്ടും കെട്ടിടത്തിലെ വാടകക്കാരായ വ്യാപാരികൾ ഒഴിയാൻ തയ്യാറായിട്ടുമില്ല.

" ഒരു വ്യക്തതയുമില്ലാതെയാണ് ആറ് കെട്ടിടങ്ങൾ പൊളിച്ചു പണിയുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ കോർപ്പറേഷന് ലൈസൻസ് ഫീസ് ഇനത്തിലും വാടക ഇനത്തിലും കോർപ്പറേഷന് ലഭിക്കേണ്ട വരുമാനം പോലും ഇല്ലാതാവും. പൊളിച്ചു പണിയാനുള്ള ഫണ്ടിന്റെ കാര്യത്തിലും വ്യക്തതയില്ല"

കെ.മൊയ്തീൻ കോയ
പ്രതിപക്ഷ ഉപനേതാവ്

6 buildings in the city will be renovated...?

Post a Comment

Previous Post Next Post