കനാൽ സിറ്റി പദ്ധതി:ഡി.പി.ആർ. നവംബറിൽ സമർപ്പിക്കുംകോഴിക്കോട് : കനോലി കനാലിന്റെയും നഗരത്തിന്റെയും വികസനത്തോടൊപ്പം ടൂറിസം സാധ്യതകൾ ലക്ഷ്യമിടുന്ന കോഴിക്കോട് കനാൽ സിറ്റി പദ്ധതിയുടെ വിശദപദ്ധതി രേഖ (ഡി.പി.ആർ.) നവംബറിൽ പൂർത്തിയാകും. നിലവിൽ ഡിസൈനുൾപ്പെടെയുള്ളവ തയ്യാറാക്കുകയാണ്. പൂർത്തിയായിക്കഴിഞ്ഞാൽ ഇത് സർക്കാരിലേക്ക് സമർപ്പിക്കും.
1118 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ക്വില്ലി (കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്) ന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. സാധ്യതാപഠനം നടത്തി ഡി.പി.ആർ. തയ്യാറാക്കാൻ ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കനാൽ വികസനത്തിന് മുന്നോടിയായി ലീ അസോസിയേറ്റ്‌സ് പ്രദേശത്തെ വിവരശേഖരണം പൂർത്തിയാക്കി. ജലഗുണനിലവാരം, മണ്ണ് പരിശോധന, ഗതാഗതം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരുടെ നേതൃത്വത്തിൽ പഠനവിധേയമാക്കി. ഹൈഡ്രോളജിക്കൽ സർവേയും നടത്തി. കനാലിനോട് ചേർന്ന് പുറമ്പോക്ക് ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. കുറച്ചുഭൂമിയേറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കുന്നത്. ജനങ്ങളെ പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ക്വിൽ അധികൃതർ പറഞ്ഞു.


കനാലി കനാലിലൂടെ ചരക്കുഗതാഗതം, യാത്രാ ടൂറിസം എന്നിവ സാധ്യമാക്കാനാണ് ആലോചിക്കുന്നത്. ഹൗസ്‌ബോട്ടുൾപ്പെടെ പോകുന്ന രീതിയിലായിരിക്കും കനാൽപ്പാത. കനാലിലേക്ക് എഴുപത്തഞ്ചോളം മലിനജലക്കുഴൽ തുറന്നിട്ടുണ്ട്. മലിനജലസംസ്കരണത്തിനുള്ള സംവിധാനം, മിനി ബൈപ്പാസ്, മറ്റ് റോഡുകളുടെ വികസനം, പഴയപാലങ്ങൾ മാറ്റിപ്പണിയൽ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ജനങ്ങൾക്കുണ്ട്. കനോലി കനാൽ തീരജന സംരക്ഷണസമിതി രൂപവത്‌കരിച്ച് ചർച്ചകളും നടത്തിയിരുന്നു. ആയിരത്തോളം വീട്ടുകാർ ഒഴിയേണ്ടിവരുമെന്നാണ് സമിതി വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post

Latest Deals