അനക്കമില്ലാതെ മൊബിലിറ്റി ഹബ്



കോഴിക്കോട്:എങ്ങുമെത്താതെ നഗരത്തിന്റെ സ്വപ്ന പദ്ധതിയായ മൊബിലിറ്റി ഹബ്. നഗരത്തിലെ തിരക്കൊഴിവാക്കാൻ മലാപ്പറമ്പിൽ വിഭാവനം ചെയ്യുന്ന മൊബിലിറ്റി ഹബ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾക്ക് ഒരു വർഷത്തിലേറെയായി അനക്കമില്ല. വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ കൊച്ചി മെട്രോ റെയിൽ കോർപറേഷനെ (കെഎംആർഎൽ) ചുമതലപ്പെടുത്താൻ കഴിഞ്ഞ വർഷം ഏപ്രിലിൽ നഗരസഭായോഗം തീരുമാനമെടുത്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. പദ്ധതിയു‍ടെ ആലോചന തുടങ്ങിയിട്ട് 8 വർഷമായി. ദേശീയപാത ബൈപാസിനു കിഴക്കു പാച്ചാക്കൽ ജംക്‌‌ഷനു സമീപം 20 ഏക്കറോളം സ്വകാര്യഭൂമിയാണു പരിഗണിക്കുന്നത്. സ്ഥലം വിട്ടുനൽകാൻ ഉടമകളിൽ ഭൂരിഭാഗവും തയാറാണെന്ന് അറിയിച്ചിട്ടും പദ്ധതി യാഥാർഥ്യമാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു.
യാത്രാക്കുരുക്ക് കുറയ്ക്കും മൊബിലിറ്റി ഹബ്

  •  ദീർഘദൂര ബസുകൾ നഗരത്തിലേക്കു പ്രവേശിക്കാതെ ‌ഹബിലേക്ക് എത്തുകയും അവിടെനിന്നു പുറപ്പെടുകയും ചെയ്യും.
  • നഗരത്തിനുള്ളിൽ സിറ്റി ബസുകൾ മാത്രമാകും. നഗരത്തിലെ ബസുകളുടെ എണ്ണം കുറയും.
  • ഹബ്ബിനോടു ചേർന്ന് 3,000 കാറും 2000 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാകുന്ന ബഹുനില പാർക്കിങ് പ്ലാസ.
  • ഭാവിയിൽ ലൈറ്റ് മെട്രോയുമായും ജലഗതാഗത സൗകര്യങ്ങളുമായും ബന്ധിപ്പിക്കാവുന്ന തരത്തിലാണു പദ്ധതി.


നിലവിലെ തടസ്സം
  • വിശദ പദ്ധതി രേഖ തയാറാക്കാൻ കെഎംആർഎല്ലിനെ ചുമതലപ്പെടുത്തണമെന്ന അപേക്ഷയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
  • ഹബ്ബിനായി കണ്ടെത്തിയ ഭൂമി വയൽപ്രദേശമായതിനാൽ നിർമാണപ്രവർത്തനങ്ങൾക്കു നിയമതടസ്സമുണ്ടാകുമോ എന്നു പരിശോധിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും പുരോഗതിയില്ല.


തുടക്കം 2012ൽ
  • 2012 ജൂലൈ– നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ തയാറാക്കിയ നഗരവികസന മാസ്റ്റർപ്ലാനിൽ മൊബിലിറ്റി ഹബ് ഉൾപ്പെടുന്നു.
  • 2012 സെപ്റ്റംബർ– പദ്ധതി കോർപറേഷൻ കൗൺസിലിൽ ചർച്ച ചെയ്യുന്നു. എൻഐടി ആർക്കിടെക്‌ചർ വിഭാഗം പദ്ധതിക്കു രൂപരേഖ തയാറാക്കി.
  • 2015 ഓഗസ്റ്റ്– നഗരത്തിന്റെ പുതുക്കിയ വികസന നയരേഖയിലും പ്രധാന പദ്ധതിയായി മൊബിലിറ്റി ഹബ് ഇടംപിടിച്ചു.
  • 2018 ഏപ്രിൽ– മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മൊബിലിറ്റി ഹബ് പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് തയാറാക്കുന്നതിനുള്ള സമിതിക്കു രൂപം നൽകി.
  • 2018 ഫെബ്രുവരി– മൊബിലിറ്റി ഹബുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ തയാറാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.
  • 2018 ഡിസംബർ– മന്ത്രിമാരായ എ.കെ.ശശീന്ദ്രന്റെയും ടി.പി.രാമകൃഷ്ണന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം മൊബിലിറ്റി ഹബ് സ്പെഷൽ ഓഫിസറായി കലക്ടർ സാംബശിവ റാവുവിനെ ചുമതലപ്പെടുത്തി.
  • 2019 ഏപ്രിൽ– പദ്ധതിയുടെ വിശദ പദ്ധതി രേഖ തയാറാക്കാൻ കൊച്ചി മെട്രോ റെയിൽ കോർപറേഷനെ (കെഎംആർഎൽ) ഏൽപിക്കുന്ന കാര്യം നഗരസഭ ചർച്ച ചെയ്യുന്നു. ഇതിനായി സർക്കാരിനു അപേക്ഷ നൽകുന്നു.

Post a Comment

Previous Post Next Post