ചാത്തമംഗലത്തെ പക്ഷിപ്പനി: ഫാമിലെ 13,000 കോഴികളെയും കൊന്നൊടുക്കും



കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ ഗവ. മേഖല പൗൾട്രി ഫാമിൽ രണ്ടുദിവസത്തിനിടെ വിരിഞ്ഞ 10,000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 13,000 കോഴികളെ കൊന്നൊടുക്കും. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്നൊടുക്കാനുംതീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടിന് കൊന്നൊടുക്കൽ നടപടികൾ തുടങ്ങും.
അതേസമയം ചാത്തമംഗലത്തെ ഫാമിൽ പക്ഷിപ്പനിബാധിച്ച് ചത്ത കോഴികളുടെ എണ്ണം രണ്ടായിരത്തോളമായി. എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ചാവുന്നത് തുടരുകയാണ്. ചത്ത കോഴികളെ കത്തിച്ചുകളയുന്ന പ്രവർത്തനങ്ങൾ ഫാമിൽ നടന്നുവരുന്നുണ്ട്. ബുധനാഴ്ചയാണ് ഇവിടെ ചത്ത കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ സ്ഥിരീകരിച്ചത്. അധികവ്യാപനശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണെന്നാണ് കണ്ടെത്തിയത്.

5300 ബ്രീഡിങ്ങിനായുള്ള (പാരന്റ് സ്റ്റോക്ക്) കോഴികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിലെ രണ്ടായിരത്തോളമെണ്ണമാണ് നിലവിൽ ചത്തത്. ബാക്കിയുള്ളവയെയും 10,000 കുഞ്ഞുങ്ങളെയും വരുംദിവസങ്ങളിൽ കൊന്നൊടുക്കാനാണ് തീരുമാനം. കലിംഗബ്രൗൺ, ഗ്രാമപ്രിയ, ഗ്രാമശ്രീ, കരിങ്കോഴി ഇനങ്ങളെയും 14 ഇനം അലങ്കാരക്കോഴികളെയും ഇവിടെനിന്ന് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

ജനുവരി ആറിനാണ് ഇവിടത്തെ കോഴികളിൽ ചിലത് ചത്തത്. ഫാമിൽതന്നെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ന്യൂമോണിയയാണെന്നാണ് കണ്ടെത്തിയത്. തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളേജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്കയച്ചു. അന്ന് വൈകീട്ടുതന്നെ പക്ഷിപ്പനിസാധ്യത സംശയിക്കുന്നതായി ഫലംവന്നു. ചാവുന്ന കോഴികളുടെ എണ്ണം കൂടിയതിനാൽ കണ്ണൂർ ആർ.ഡി.ഡി.എൽ., തിരുവല്ല എ.ഡി.ഡി.എൽ. എന്നിവിടങ്ങളിലും പരിശോധനനടത്തി. പ്രാഥമിക പരിശോധനകളിൽ പക്ഷിപ്പനി സംശയം തോന്നിയതിനാൽ സാംപിളുകൾ ഭോപാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു.


കോഴികൾ ചത്ത ആറുമുതൽതന്നെ ഫാം അടച്ചതായും കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണംചെയ്യുന്നത് നിർത്തിവെച്ചതായും ഫാം ഡയറക്ടർ ഡോ. സിബി ചാക്കോ പറഞ്ഞു. സമ്പർക്കമൊഴിവാക്കി ജോലിക്കാരെ മാറ്റിയിട്ടുണ്ട്. ചൂലൂർ ഹെൽത്ത് സെന്ററിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധമരുന്നുകൾ നൽകുകയും ജീവനക്കാർക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അടുത്ത് സമ്പർക്കമുണ്ടായവരുടെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്.

കേന്ദ്ര പ്രോട്ടോകോൾ പ്രകാരം പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപാലിൽനിന്ന് ഫലംവന്നാൽ മാത്രമേ പൊതുജനത്തെ അറിയിക്കാവൂവെന്നാണ് നിയമമെന്നും ഡോ. സിബി ചാക്കോ പറഞ്ഞു. ജനം ഭയപ്പെടുമെന്നതിനാലാണിത്. അതുതന്നെ ഭോപാലിൽനിന്ന് ഗവൺമെന്റ് സെക്രട്ടറിയെ അറിയിച്ച് അവർ മന്ത്രിയെ അറിയിക്കുകയും മന്ത്രി ജില്ലാ ഭരണകൂടത്തെ അറിയിക്കുകയെന്നതുമാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ കോഴികൾക്ക് മരുന്നുകൾ കൊടുത്തുതുടങ്ങിയിരുന്നെങ്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിർത്തി. പക്ഷിപ്പനി കണ്ടെത്തിയാൽ 95 മുതൽ 100 ശതമാനം മരണസാധ്യതയുള്ളതിനാൽ മുഴുവനെണ്ണത്തെയും കൊന്നൊടുക്കുകയാണ് ചെയ്യാറ്.ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊല്ലാനും തീരുമാനം


കൊന്നൊടുക്കൽ നടപടികൾ ഇന്ന് തുടങ്ങും

കോഴിക്കോട് : പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ചാത്തമംഗലത്തെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്നൊടുക്കാൻ യോഗം തീരുമാനിച്ചു.

വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആർ.ആർ.ടി. ടീമുകളെ സജ്ജീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.ജെ. ജോയ് അറിയിച്ചു. നാല് ടീമുകൾ ഫാമിലെ കോഴികളെ നശിപ്പിക്കും. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ഓരോ പോലീസ്, വില്ലേജ്, വാർഡ് പ്രതിനിധികൾ എന്നിവർ ടീമിലുണ്ടാകും. കൊന്നൊടുക്കുന്ന വലിയ പക്ഷികൾക്ക് 200, ചെറുതിന് 100 രൂപവീതം നഷ്ടപരിഹാരം നൽകും. ഇവയുടെ മുട്ടകളും നശിപ്പിക്കും.


ഫാമിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യതാപ്രദേശമായി അടയാളപ്പെടുത്തി. ഇവിടെനിന്നും പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകാനോ അകത്തേക്ക് പ്രവേശിപ്പിക്കുവാനോ പാടില്ല. ഇത് തടയാൻ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തി.

ഈ പ്രദേശത്തുള്ള കോഴികളെ താത്കാലികമായി അടച്ചിടുകയും തീറ്റ നൽകി പരിപാലിക്കുകയും ചെയ്യണം. പ്രദേശത്തെ കടകളിൽ കോഴിവിൽപ്പന, കോഴിയിറച്ചിവിൽപ്പന, മുട്ടവിൽപ്പന എന്നിവ നിരോധിച്ചു.

ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0495 2762050

Post a Comment

Previous Post Next Post