ഒടുവിൽ നീതി; റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് നഷ്ടപരിഹാരം

 
എകരൂൽ: റോഡ് നവീകരണ ഭാഗമായി കലുങ്ക് നിർമിക്കാൻ നടുറോഡിൽ എടുത്ത കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ നടന്ന ഒത്തുതീർപ്പ് വ്യവസ്ഥയിൽ ധാരണയായി. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് കണ്ണോറക്കുഴിയിൽ ടി.കെ. അബ്ദുൽ റസാഖിനാണ് (56) ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത്. റോഡ് കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ആറര ലക്ഷം രൂപയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരുലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണം. 10 ദിവസത്തിനകം തുക നൽകണമെന്നാണ് നിർദേശം. റോഡ് നിർമാണക്കരാർ കമ്പനിയുടെ പിഴവാണ് അപകട കാരണമെന്നായിരുന്നു അബ്‌ദുൽ റസാഖിന്റെ പരാതി.
2022 ജനുവരി അഞ്ചിന് എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരിക്കും കൂടത്തായിക്കും ഇടയിൽ വെഴുപ്പൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് രാത്രി 10നായിരുന്നു അപകടം. കൂടത്തായിയിലുള്ള മകളുടെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചുവരുമ്പോഴാണ് നടുറോഡിലെ കുഴിയിൽ വീണത്. കുഴിക്ക് ചുറ്റും ഒരു റിബൺ മാത്രം കെട്ടിയതല്ലാതെ മറ്റു സുരക്ഷസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. അതുവഴി വന്ന കാർയാത്രികരാണ് ഇയാളെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരുകാലുകൾക്കും ശരീരമാസകലവും ഗുരുതര പരിക്കേറ്റ അബ്ദുറസാഖ് ദീർഘകാല ചികിത്സക്കും ശസ്ത്രക്രിയകൾക്കുംശേഷം വീട്ടിൽ വിശ്രമിക്കുകയാണ്.

Post a Comment

Previous Post Next Post