സന്ധ്യക്ക് ശേഷം തുറക്കുന്ന കളിപ്പാട്ടക്കട, അര്‍ധരാത്രിയും ആളെത്തും; പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്



കോഴിക്കോട്: കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടി. കൊമ്മേരി സ്വദേശി ഹസ്സൻ കോയ(37) യെ ആണ് മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ സുരേഷ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്.
രാവിലെയും വൈകുന്നേരവും മാത്രമാണ് കട തുറന്നു പ്രവർത്തിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കുന്ന കടയിൽ അർധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്ന കടയിലാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പൊലീസും പരിശോധന നടത്തിയത്.

മുന്നൂറിലധികം നിരോധിത പുകയില പായ്ക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം, കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും പിടികൂടി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ സുധാകരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും മദ്യവും പിടികൂടിയത്. മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.


കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ബീച്ച് ഭാഗത്ത് വെച്ച് 0.460 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് തൊടിയിൽ വീട്ടിൽ ഹാഷിം (45 ), 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം പുതിയ കടവ് ദേശത്ത് സുനേറബിയ മൻസിൽ സുബൈർ (54) എന്നിവരെ പിടികൂടിയത്. രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ മദ്യം കാറിൽ കടത്തവെ ബാലുശ്ശേരി കണ്ണാടിപൊയിൽ സ്വദേശി സുബീഷ് (36) വയസ്സ് എന്നയാളെ എക്സൈസ് പൊക്കിയത്.

Post a Comment

Previous Post Next Post