ബി ടെക് ബിരുദധാരികളുടെ അപ്പാര്‍ട്ട്മെന്‍റ്; രഹസ്യവിവരം കിട്ടി പൊലീസെത്തി, മാരകശേഷിയുള്ള ലഹരിമരുന്ന് കണ്ടെത്തി



കോഴിക്കോട്: ഇവന്‍റ് മാനേജ്‌മെന്‍റിന്‍റെ മറവിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേർ പിടിയിൽ. പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ്ഐ ടി വി ധനഞ്ജയ ദാസിന്‍റെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്ത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും) ചേർന്ന് പിടികൂടിയത്.
പിടിയിലായവർ ബി ടെക് ബിരുദധാരികളാണ്. ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 450 മില്ലിഗ്രാം എസ് ഡി സ്റ്റാമ്പ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസി പിൽ 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പൊലീസ് പിടിച്ചെടുത്തു.

ഡിസിപി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാഴിയിലെ എം എൽ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. കോഴിക്കോട് ഡൻസാഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, സീനിയർ സിപിഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്‍സിപിഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാർ പി, സിപിഒമാരായ രഞ്ജിത്ത് എം, സനൂജ് എൻ, കിരൺ പി കെ , ഹരീഷ് കുമാർ ടി കെ, സുബിൻ വി എം, ഡ്രൈവർ സിപിഒ വിഷ്ണു തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post