70 വയസ് വരെയുള്ള എല്ലാവരും ഹിന്ദി സാക്ഷരര്‍; സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂർ



കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃക തീർക്കുകയാണ് ചേളന്നൂര്‍ പഞ്ചായത്ത്. 70 വയസ് വരെയുള്ള എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപനം നടത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വർഷമാണ് പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 21 വാർഡുകളിലെ 20 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ക്ലാസുകൾ നൽകുന്നത്. ഏറെ ആവേശത്തോടെയാണ് ആളുകൾ ഹിന്ദി പഠനം ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ സർവ്വേ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹിന്ദി ഭാഷയിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.

വിവിധ മേഖലകളിലുള്ളവരെ വിളിച്ചു ചേർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ചെയർമാനും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വാർഡ് തല സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ചേളന്നൂര്‍ പഞ്ചായത്ത് വേറിട്ട് നില്‍ക്കുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. പരോക്ഷമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Post a Comment

Previous Post Next Post