കോഴിക്കോടിനു വേണം കൂടുതൽ കണക്ടിവിറ്റി


കോഴിക്കോട്: മലബാറുകാർക്കറിയാം സന്തോഷ് ട്രോഫി ഫുട്ബോൾ മത്സര ഫൈനൽ കാണാൻ മലപ്പുറം പയ്യനാട് സ്പോർട്സ് കോംപ്ലക്സിൽ ഇരച്ചെത്തിയത് ഒരു ലക്ഷത്തോളം കാണികളാണെന്ന്. ഇന്ത്യയുടെ കായിക ഭൂപടത്തിൽ മലബാറിനെ അടയാളപ്പെടുത്തിയ ഒരു ചരിത്ര നിമിഷമായിരുന്നു സന്തോഷ് ട്രോഫി. ഇവകൂടാതെ കൂടുതൽ മത്സരങ്ങൾക്കു മലബാർ വേദിയായേക്കുമെന്ന റിപ്പോർട്ടുകൾ വരുമ്പോൾ വീണ്ടും ഫൈറ്റ് കണക്ടിവിറ്റി സംബന്ധിച്ച ചോദ്യം ഉയരുന്നു. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് എത്താൻ ചെന്നൈയിൽ പോയി വളഞ്ഞു മൂക്കു പിടിച്ചു വരേണ്ട ഗതികേടാണു പലപ്പോഴും. അപ്പോൾ രാജ്യത്തെ മറ്റു നഗരങ്ങളിൽ നിന്നുള്ള യാത്ര അതിനേക്കാൾ ക്ലേശകരം. ദേശീയ, രാജ്യാന്തര മത്സരങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്ന് കണക്റ്റിവിറ്റി ആയിരിക്കെ കായിക താരങ്ങൾക്കും ഒഫീഷ്യൽസിനും യാത്രാ സൗകര്യം കുറയുമ്പോൾ മലബാറിന്റെ മത്സര സാധ്യതകളും കുറയും.
ദേശീയതലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങൾ മലപ്പുറത്തെ വിവിധ സ്റ്റേഡിയങ്ങളിൽ ഉണ്ടെങ്കിലും യാത്ര പ്രശ്നം രൂക്ഷമായതിനാൽ പ്രയോജനപ്പെടുന്നില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകളുടെ അപര്യാപ്ത മലബാറിനു ലഭിക്കേണ്ട വലിയൊരു സാധ്യതയാണു നഷ്ടപ്പെടുത്തുന്നത്. 

കോഴിക്കോട്ടെ 2 ഐടി പാർക്കുകൾ, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവയെ ആശ്രയിക്കുന്നവർ ഒട്ടേറെ. ഇവിടെയൊക്കെ പഠിക്കാനും ജോലി ചെയ്യാനുമായി എത്തുന്നവരും ധാരാളം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. എയിംസ് വരുമ്പോൾ കൂടുതൽ പേർ വീണ്ടും വിമാനത്താവളത്തെ ആശ്രയിക്കുന്ന അവസ്ഥ വരും.

നെടുമ്പാശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും ആഴ്ചയിൽ ഒട്ടേറെ വിമാനങ്ങൾ വിവിധ നഗരങ്ങളിലേക്കു സർവീസ് നടത്തുന്നു. അപ്പോഴും വിമാന സർവീസുകളുടെ എണ്ണത്തിൽ കോഴിക്കോട് കിതയ്ക്കുകയാണ്. ബെംഗളൂരുവിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ കോഴിക്കോട് നിന്നാണ്. പക്ഷേ ഇവർക്ക് ബസുകളെയും കണ്ണൂർ വിമാനത്താവളത്തെയും ആശ്രയിക്കേണ്ടി വരുന്നു.
വിമാനസർവീസുകളുടെ അപര്യാപ്തത കോഴിക്കോടിന്റെ വികസനത്തെ പിറകോട്ടടിക്കുകയാണ്. ഐടി മേഖലയുടെയും മറ്റും വികസനത്തിനായി അതിവേഗ ഗതാഗത സൗകര്യങ്ങൾ ഉണ്ടായേ മതിയാകൂ. 

വമ്പൻ കമ്പനികൾ കോഴിക്കോട് എത്താത്തതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം അവർ മംഗളൂരുവിലും കോയമ്പത്തൂരിലും മറ്റും പ്രവർത്തനങ്ങൾ ആരം ഭിക്കുകയും ചെയ്യുന്നു. സർവീസുകൾ ആരംഭിച്ചാൽ ലാഭകരമാകുമെന്ന കണക്കുകൾ മുന്നിലുണ്ടായിട്ടും ആവശ്യത്തിനു വിമാനങ്ങൾ ഇല്ലാത്തത് അധികൃതരുടെ കാര്യക്ഷമത ഇല്ലായ്മയാണ്. 

സിയാലും കിയാലും സേവനങ്ങളിൽ മുന്നിലെത്തുമ്പോൾ കോഴിക്കോട് വിമാനത്താവളം നിയന്ത്രിക്കുന്ന എയർപോർട്ട് അതോറിറ്റി ഇക്കാര്യത്തിൽ പിന്നാക്കം പോവുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്നു കാര്യക്ഷമമായ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കൊച്ചി- കണ്ണൂർ വിമാനത്താവളങ്ങൾക്കിടയിൽ അവഗണിക്കപ്പെടാനായിരിക്കും എന്നും കരിപ്പൂരിന്റെ വിധി. ഒരു പക്ഷേ, പൂട്ടിക്കെട്ടപ്പെടാനും.
ഗവർണറും വന്നതു ചുറ്റി വളഞ്ഞ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടുത്തിടെ കോഴിക്കോട് എത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നു വിമാനത്തിനു 329 കിലോമീറ്റർ ദൂരമുള്ള ‌കോഴിക്കോട്ടേക്കു പക്ഷേ ഗവർണർക്കു വരേണ്ടി വന്നത് മൂന്നിരട്ടി ദൂരം യാത്ര ചെയ്ത്. തിരുവനന്തപുരത്തു നിന്ന് ആദ്യം 624 കിലോമീറ്റർ ദൂരെയുള്ള ചെന്നൈയിലേക്ക്. അവിടെ നിന്ന് 528 കിലോമീറ്റ‍ർ അകലമുള്ള കോഴിക്കോട്ടേക്ക്. ആകെ ദൂരം 1152 കിലോമീറ്റർ. കൊച്ചിയിലോ കണ്ണൂരിലോ ഇറങ്ങി റോഡ് മാർഗം എത്തുുമ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാനായിരുന്നു ഇത്. വിമാന നിരക്ക് പ്രശ്നമല്ലാത്ത വ്യവസായികളിൽ പലരും സമാന രീതിയിൽ വളഞ്ഞു യാത്ര ചെയ്താണു കോഴിക്കോട്ടേക്ക് എത്തുന്നത്. 

Post a Comment

Previous Post Next Post