സ്വകാര്യ ബസുകളുടെ അമിതവേഗമുൾപ്പെടെ നിയമലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി


കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിതവേഗം ഉള്‍പ്പെടെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകളുടെ അമിത വേഗത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 65 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ മൂന്നു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 65 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. എയര്‍ ഹോണ്‍ ഉപയോഗം, സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. 32,500 രൂപ പിഴയിനത്തില്‍ വാഹന വകുപ്പ് ഈടാക്കി. ഈ വാഹനങ്ങള്‍ ഓടിച്ച ഡ്രൈവര്‍മാരോട് ജൂണ്‍ എട്ടിന് ചേവായൂര്‍ ആര്‍.ടി.ഒ ഗ്രൗണ്ടിലെ ട്രെയിനിങ് സെന്‍ററില്‍ നിര്‍ബന്ധിത പ്രത്യേക പരിശീലനത്തിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. വാഹന പരിശോധന വരും ദിവസങ്ങളിലും തുടരും.

Post a Comment

Previous Post Next Post