'പട്ടിണിക്കിട്ടു, ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ്'; ക്രൂരപീഡനം വ്യക്തമാക്കുന്ന മോഡല്‍ ഷഹാനയുടെ ഡയറികുറിപ്പുകൾ പുറത്ത്


കോഴിക്കോട്: പറമ്പില്‍ ബസാറില്‍ മരിച്ച മോഡല്‍ ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്‍റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്‍റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എ സി പി സുദർശന് കൈമാറും.
കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്. ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെയാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ കൂടുതൽ ബന്ധങ്ങളും കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.

Post a Comment

Previous Post Next Post