കോഴിക്കോട്ടേ ഓട്ടോ നന്മ: അർധരാത്രി റോഡിൽ നോട്ടുകൾ, പെറുക്കിയെടുത്ത് എണ്ണി, 23500 രൂപ; യഥാർഥ ഉടമയെ കണ്ടെത്തി നൽകി

കെ.പി.ഇസ്മായിൽ

കോഴിക്കോട്∙ അർധരാത്രി വാഹനമോടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രൂപയുടെ നോട്ടുകൾ; ഒന്നും രണ്ടുമൊന്നുമല്ല. വാഹനം നിർത്തിയിറങ്ങിയപ്പോൾ അൽപം ദൂരം മാറി പിന്നെയും കുറേ നോട്ടുകൾ. എല്ലാം പെറുക്കിയെടുത്ത് എണ്ണി നോക്കിയപ്പോൾ 23,500 രൂപ. അൽപം ദൂരെ മാറി ചില കടലാസുകൾ കൂടിയുണ്ടെങ്കിലും ഉടമയെ തിരിച്ചറിയുന്ന അടയാളങ്ങളൊന്നുമില്ല. നഗരത്തിൽ രാത്രി ഓട്ടോറിക്ഷയോടിക്കുന്ന പയ്യാനക്കൽ കുറ്റിക്കാടുനിലംപറമ്പ് കെ.പി.ഇസ്മായിലിനാണ് 16ന് പുലർച്ചെ ഒന്നിന് കല്ലായി റോഡിൽ എംസിസി ബസ് സ്റ്റോപ്പിനു സമീപത്തു വച്ച് പണം കളഞ്ഞുകിട്ടിയത്.


റോഡിൽ ചിതറിക്കിടന്ന പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഇസ്മായിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പിൽ വിവരമിട്ടു. ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് സന്ദേശം പറന്നതോടെ പണത്തിന്റെ ഉടമകളായി പലരുമെത്തി. പക്ഷേ, പറഞ്ഞ അടയാളങ്ങളൊന്നും കളഞ്ഞുകിട്ടിയ കടലാസിലെ വിവരങ്ങളുമായി യോജിച്ചില്ല. ഒടുവിലാണ് അത്തോളിയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന മീഞ്ചന്ത സ്വദേശി സി.ഗഫൂർ എത്തിയത്.


ഫാബ്രിക്കേഷൻ ജോലികൾക്കായി വരച്ച ചില സ്കെച്ചുകളും ചില ഫോൺ നമ്പറുകളുമായിരുന്നു ആ കടലാസു കഷണങ്ങളിൽ. അടയാളം കൃത്യമായതോടെ കസബ പൊലീസ് സ്റ്റേഷനിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് പണം ഉടമയ്ക്കു കൈമാറി. മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച പണം ബൈക്ക് യാത്രക്കിടെ റോഡിൽ വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.

Post a Comment

Previous Post Next Post