ബേപ്പൂർ തുറമുഖവികസനം: കിഫ്ബിയിൽ നിന്ന് സഹായം തേടുന്നു


ബേപ്പൂർ: തുറമുഖ വികസനത്തിന് കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്ന സാന്പത്തികസഹായം വൈകുന്ന സാഹചര്യത്തിൽ കിഫ്ബിയിൽനിന്ന് സഹായം തേടുന്നു. തുറമുഖ വികസനപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ബേപ്പൂർ നിയോജകമണ്ഡലം എം.എൽ.എ. കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

കണ്ടെയ്‌നർ കപ്പലുകൾ ഉൾപ്പെടെയുള്ള ചരക്കു കപ്പലുകൾ യഥാസമയം തുറമുഖത്തടുക്കണമെങ്കിൽ മാസ്റ്റർപ്ലാൻ പ്രകാരമുള്ള പദ്ധതി പ്രാവർത്തികമാക്കേണ്ടതുണ്ട്. അടിയന്തരമായി ‘കിഫ്ബി’യിൽനിന്ന് തുറമുഖ വികസനത്തിന് സാമ്പത്തികസഹായം തേടിയാണ് പ്രതിസന്ധിക്ക് വിരാമമിടാൻ ശനിയാഴ്ച പോർട്ട് ഓഫീസിൽ മന്ത്രി വിളിച്ചുചേർത്ത തുറമുഖാധികൃതരുടെയും കൗൺസിലർമാരുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിൽ തീരുമാനമായത്.

ബേപ്പൂർ ഹാർബർ ബേസിനിലെ മണ്ണുമാന്തൽ, പുതിയ വാർഫ് നിർമാണം, വിദേശ ചരക്ക് ഇറക്കുമതിക്ക് അനിവാര്യമായ ഇ.ഡി.ഐ. സംവിധാനം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനിപ്രതാപിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി തുറമുഖ വികസന അവലോകന ചർച്ച നടത്തിയത്.

മന്ത്രി റിയാസ് ഡൽഹിയിൽ കേന്ദ്ര തുറമുഖമന്ത്രിയെക്കണ്ട് ചർച്ചനടത്തിയപ്പോൾ ബേപ്പൂർ തുറമുഖവികസനത്തിന് സാഗർമാല പദ്ധതിയിലൂടെ സഹായധനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ കേന്ദ്രബജറ്റിൽ ബേപ്പൂർ തുറമുഖവികസനത്തെക്കുറിച്ച് പരാമർശവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ‘കിഫ്ബി’യെ ആശ്രയിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ചർച്ച നടക്കുന്നതിനിടെ അദ്ദേഹം കിഫ്ബി അധികൃതരുമായി ഫോണിൽ സംസാരിക്കുകയും തുടർനടപടികൾക്ക് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപിന് നിർദേശം നൽകുകയും ചെയ്തു.

തുറമുഖ വികസനത്തിനാവശ്യമായ കോവിലകം ഭൂമി അക്വയർചെയ്ത് കഴിഞ്ഞതാണ്. ഇതിന് ചുറ്റുമതിൽ കെട്ടാൻ അടിയന്തരനടപടി സ്വീകരിക്കും. തുറമുഖവികസനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഓരോന്നോരോന്നായി മന്ത്രി യോഗത്തിൽ ചർച്ചചെയ്തു തീരുമാനമെടുത്തു.

ബേപ്പൂർ ഡെവലപ്‌മെന്റ് മിഷൻ ചെയർമാൻ എ.വി. ഗിരീഷ്, ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ, കെ.വി. ശിവദാസ്, തുറമുഖ തൊഴിലാളി യൂണിയൻ നേതാക്കളായ യു. പോക്കർ, എൻ. നദീർ (എസ്.ടി.യു.) അഡ്വ. എ.ഇ. മാത്യു, ഒ. ബാബു, (ഐ.എൻ.ടി.യു.സി.), എൻ. അനിൽകുമാർ, ടി. മൊയ്തീൻ കോയ (സി.ഐ.ടി.യു.), കൗൺസിലർമാരായ എം. ഗിരിജ, കെ. രാജീവ്, നവാസ് വാടിയിൽ, കൊപ്രത്ത് സുരേശൻ, ഹാർബർ എൻജിനിയറിങ് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ രാജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post