മൊബൈൽ ടവറിനെ മധുരംവിളമ്പി വരവേറ്റ് കച്ചേരി

എടച്ചേരി കച്ചേരിയിൽ സ്ഥാപിച്ച മൊബൈൽ ടവർ ബാലതാരം കുട്ടിത്തെന്നൽ ഉദ്ഘാടനം ചെയ്യുന്നു

എടച്ചേരി: നാട്ടുകാരുടെ മുറവിളിക്കൊടുവിൽ സ്ഥാപിച്ച മൊബൈൽ ടവറിന്റെ ഉദ്ഘാടനം ആഘോഷമാക്കി ഒരു നാട്. എടച്ചേരി പഞ്ചായത്തിലെ കച്ചേരി ബാലവാടിയിൽ സ്ഥാപിച്ച ടവറാണ് പായസദാനം നടത്തിയും ലഡുവിതരണം ചെയ്തുമൊക്കെ ഉദ്ഘാടനംചെയ്തത്.

മൊബൈൽ ഫോണിന് റെയിഞ്ചില്ലാത്തത് പ്രദേശത്തിന് നേരത്തെതന്നെ വലിയ ദുരിതമായി മാറിയിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പഠനം തുടങ്ങിയതോടെ ഇത് ഇരട്ടിയായി. റെയ്ഞ്ച് തേടി വിദ്യാർഥികൾ അലയേണ്ട സ്ഥിതിയായി. ബന്ധുക്കളുടെ വീടുകളിൽ താമസിച്ചാണ് പലരും പഠിച്ചത്. ഇതോടെ പ്രദേശവാസികൽ മൊബൈൽ ടവറിനുവേണ്ടിയുള്ള ശ്രമം ഊർജിതമാക്കി. ടവറിനായി കമ്മിറ്റി രൂപവത്കരിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി.

കമ്മിറ്റിഅംഗം എ.എം. സുരേഷ് തന്നെ ടവറിനു സ്ഥലം വിട്ടുനൽകി. ഇവിടെ സ്ഥാപിച്ച ടവറാണ് ചൊവ്വാഴ്ച ഉദ്ഘാടനംചെയ്തത്. ബാലതാരം കുട്ടിത്തെന്നൽ ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കുന്നിലോത്ത് ദിനീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കുട്ടിത്തെന്നലിനുള്ള ഉപഹാരം ഉണിക്കിനാണ്ടി കൃഷ്ണനും വാരക്കണ്ടത്തിൽ രാജനും നൽകി.


Post a Comment

Previous Post Next Post