22 അടിപ്പാതകൾ, 4 പാലങ്ങൾ, ഒരേ ഒരു സിഗ്നൽ; അഴിയൂരിൽനിന്നു മുഴപ്പിലങ്ങാട് 20 മിനിറ്റ് കൊണ്ട് എത്താംവടകര: മാഹി, തലശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി അഴിയൂരിൽനിന്നു മുഴപ്പിലങ്ങാട് 20 മിനിറ്റ് കൊണ്ട് എത്താവുന്ന മാഹി–മുഴപ്പിലങ്ങാട് ബൈപാസ് അന്തിമഘട്ടത്തിൽ. 18.6 കിലോമീറ്റർ വരുന്ന പാതയിൽ 17 കിലോ മീറ്റർ ടാറിങ് പൂർത്തിയാക്കി വെള്ള അടയാളങ്ങൾ വരച്ചു കഴിഞ്ഞു. രണ്ടിടത്ത് അവശേഷിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി പാത മാർച്ചിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാ‍ൻ കഴിയുമെന്നാണ് പ്രതീക്ഷ.
തലശ്ശേരി നിട്ടൂരിലെ ബാലത്തിൽ പാലം, മാഹി അഴിയൂരിലെ റെയിൽവേ മേൽപാലം എന്നിവയുടെ പണിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു. റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. 22 അടിപ്പാതകളാണുള്ളത്. അവ പൂർത്തിയാക്കി ചായം തേച്ചു കഴിഞ്ഞു.

ധർമടം, അഞ്ചരക്കണ്ടി, കുയ്യാലി, മാഹി എന്നിവിടങ്ങളിലെ പുഴകൾക്ക് കുറുകെ 4 പാലങ്ങളുടെ പണിയും പൂർത്തിയായിട്ടുണ്ട്. 6 വരി പാതയുടെ മധ്യത്തിലെ മീഡിയൻ നിർമിച്ചു കഴിഞ്ഞു. പാതയിലെ ഏക സിഗ്‌നൽ ഉള്ളത് പെരിങ്ങാടി സ്പിന്നിങ് മിൽ റോഡിലാണ്. അതിന്റെ പണി കെൽട്രോൾ പൂർത്തീകരിച്ചു.


2018 ഒക്ടോബർ 30 ന് പ്രവൃത്തി ആരംഭിച്ച പാതയുടെ മതിപ്പ് ചെലവ് 1181 കോടി രൂപയാണ്. കഴിഞ്ഞ 2020 മേയിൽ പാത തുറന്നു കൊടുക്കേണ്ടതായിരുന്നു. പ്രളയവും കോവിഡും കാരണം പണി നിർത്തി വയ്ക്കേണ്ടി വന്നതിനാൽ വൈകി. കാലം തെറ്റി ഉണ്ടായ മഴയും പ്രതികൂലമായി. തുടർന്ന് കലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. എറണാകുളത്തെ ഇകെകെ ഇൻഫ്രാ സ്ട്രക്ചറൽ ആണ് നിർമാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

Post a Comment

Previous Post Next Post