ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം കുറഞ്ഞു; ബേപ്പൂർ തുറമുഖം പ്രതിസന്ധിയിലേക്ക്‌



ഫറോക്ക്:ലക്ഷദ്വീപിലേക്ക് ബേപ്പൂർ തുറമുഖം വഴിയുള്ള ചരക്കുനീക്കം വൻ പ്രതിസന്ധിയിലേക്ക്. ഇടവിടാതെ വെസലുകൾ ചരക്ക്‌ കയറ്റിയിരുന്ന തുറമുഖത്തുനിന്ന്‌ ഇപ്പോൾ ചുരുക്കം ഉരുക്കളാണ് ചരക്ക്‌ കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്‌ ഉരുക്കളിൽ ചരക്കുകയറ്റാനായപ്പോൾ, എട്ടെണ്ണം തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണ്.
ബേപ്പൂർ തുറമുഖത്തിന്റെ വലിയ വരുമാനമാർഗമായിരുന്ന ഡീസൽ കയറ്റുമതി നിർത്തിയതും ദ്വീപ് ഭരണകൂടത്തിന് കീഴിലെ കരാർ പ്രവൃത്തികൾ പാടെ നിർത്തലാക്കിയതുമാണ്‌ ബേപ്പൂരിന് തിരിച്ചടിയായത്. നിർമാണ സാമഗ്രികളായ ഇഷ്‌ടിക, ഇരുമ്പ്, കമ്പി, സിമന്റ്‌ , മണൽ, മര ഉരുപ്പടികൾ ഉൾപ്പെടെ ഈ തുറമുഖം വഴിയാണ് ദ്വീപിലെത്തിച്ചിരുന്നത്. തുറമുഖത്തിന്റെയും ഇരുനൂറോളം തൊഴിലാളികളുടെയും വരുമാനമാർഗമായിരുന്നു ഇത്‌. കൂടുതൽ ചരക്കുനീക്കം നടക്കുന്ന ഈ സീസണിൽ ദിവസം അഞ്ചിൽ പരം ഉരുക്കളും ആഴ്ചയിൽ മൂന്ന്‌ കപ്പലുകളും ബാർജുകളും ചരക്കുകയറ്റി പോയിരുന്നു. ചരക്ക്‌ കയറ്റുമതി മന്ദഗതിയിലായത് കോഴിക്കോട് വലിയങ്ങാടിയെയും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളെയും ബാധിക്കുകയാണ്‌.


നേരത്തെ ദ്വീപിലെ വൈദ്യുതി ഉല്പാദനത്തിനാവശ്യമായ ഡീസൽ തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. ഐഒസി ഡിപ്പോയിൽനിന്നും എത്തുന്ന ഇന്ധനം വീപ്പകളിൽ സംഭരിച്ച് ആഴ്ചയിൽ രണ്ടും മൂന്നും ബാർജുകളിലാണ് വർഷങ്ങളായി കൊണ്ടുപോയിരുന്നത്. ഇതുനിർത്തി കൊച്ചിയിൽനിന്ന്‌ കപ്പൽമാർഗം ദ്വീപിലെത്തിച്ച് കൂറ്റൻ സംഭരണികളിൽ ശേഖരിക്കുന്ന സമ്പ്രദായമായതോടെ ബേപ്പൂ ർ തുറമുഖത്തിന് സാമ്പത്തിക ആഘാതമായി. തൊഴിലാളികളുടെ വരുമാനവും ഇല്ലാതായി.

Post a Comment

Previous Post Next Post