രണ്ടര മാസം അടിവാരത്ത്, താമരശേരിയിൽ തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങളുമായി ലോറികള്‍ ചുരം കയറും; തീരുമാനത്തിന് പിന്നിൽ!കല്‍പ്പറ്റ: വലിയ ചരക്കുവാഹനങ്ങള്‍ ചുരം റോഡ് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പരാതികളും നിലനില്‍ക്കെ സ്വകാര്യ കമ്പനിക്ക് വേണ്ടി കര്‍ണാടക നഞ്ചന്‍ഗോഡ് എത്തിക്കേണ്ട കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ച ലോറികള്‍ അടുത്ത ആഴ്ച ചുരം കയറും. ഉദ്യോഗസ്ഥരും ട്രാന്‍പോര്‍ട്ട് കമ്പനി അധികൃരും അടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ചുരം കടത്തിവിടുന്നതിന് കോഴിക്കോട് ജില്ല ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.
രണ്ട് വാഹനങ്ങളുടെയും യാത്രക്കും യാത്രയാല്‍ ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്കും വരുന്ന ചെലവ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായിരിക്കും വഹിക്കുക. ദേശീയപാത, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ ഇവ പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഡി.ഡി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ദേശീയപാത അധികൃതര്‍ക്ക് കൈമാറും. ട്രെയ്‌ലറുകള്‍ ചുരം കയറുന്നതിന് മുമ്പായി ഡി.ഡി അധികാരികള്‍ക്ക് നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. ഡി.ഡി. നല്‍കി കഴിഞ്ഞാല്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ ലോറികള്‍ സഞ്ചരിച്ചു തുടങ്ങും. ചുരത്തില്‍ കനത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വാഹനങ്ങളുടെ സഞ്ചാര സമയം നിശ്ചയിച്ചിരിക്കുന്നത്.

ലോറികള്‍ ചുരം കയറി തുടങ്ങിയാല്‍ പോലീസ്, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളും ആംബുലന്‍സ്, ക്രെയിന്‍ സേവനങ്ങളും ഉറപ്പുവരുത്തണം. നെസ് ലെ കമ്പനിക്ക് പാല്‍പൊടി, ചോക്ലേറ്റ് പൗഡര്‍ എന്നിവ നിര്‍മിക്കുന്നതിനായി കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി ജൂലൈ 21 നാണ് ലോറികള്‍ നഞ്ചന്‍ഗോട്ടേക്ക് പുറപ്പെട്ടത്. മേല്‍പ്പാലങ്ങള്‍ പോലെയുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താമരശേരി ചുരം പാത തെരഞ്ഞെടുത്തതെന്ന് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ സെപ്തംബര്‍ പത്തിന് താമരശേരിക്ക് അടുത്ത പുല്ലാഞ്ഞിമേട്ടിലും ഏലോക്കരയിലുമായി രണ്ട് ലോറികളും പോലീസ് തടഞ്ഞിടുകയായിരുന്നു. മതിയായ അനുമതിയില്ലാത യാത്ര തുടരാന്‍ കഴിയില്ലെന്ന് പോലീസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അധികൃതരെ അറിയിച്ചതോടെ മാസങ്ങളോളം ലോറികള്‍ക്ക് മാസങ്ങളോളം വഴിയരികില്‍ കിടക്കേണ്ടി വന്നു. ഇതിനിടെ അനുമതി ലഭിക്കുന്നത് വരെ സൗകര്യപ്രദമായ സ്ഥലത്ത് ലോറികള്‍ മാറ്റിയിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വാഹനങ്ങള്‍ അടിവാരം ബസ് സ്റ്റാന്റ് പരിസരത്തേക്ക് മാറ്റിയിട്ടത്. 14 ജീവനക്കാരാണ് ഇരുലോറികള്‍ക്കും ഒപ്പമുള്ളത്.

Post a Comment

Previous Post Next Post