കോഴിക്കോട് യുവാവിന്‍റെ ദുരൂഹ മരണം: സുഹൃത്തിനെ കുടുക്കി സിസിടിവി; ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തുകോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ താൻ ഓടിച്ച കാറിടിച്ചാണ് സുഹൃത്ത് മരിച്ചതെന്ന് സമീഷ് പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് നാദാപുരം കനാൽ റോഡിൽ കാസർകോട് സ്വദേശി ശ്രീജിത്തിനെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വൈദ്യുത പോസ്റ്റിലിടിച്ച രീതിയിൽ ഇയാളുടെ കാറും സമീപത്തുണ്ടായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അപകട മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പിന്നീട് പൊലീസിന് കിട്ടി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീഷ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് സമീഷ് നൽകിയ മൊഴിയും കേസിൽ നിർണായകമാകും. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് കണ്ണൂരിൽ നിന്ന് സമീഷ് എത്തിയത്. മാഹിയിലെ ബാറിൽ വച്ച് ശ്രീജിത്തിനെ പരിചയപ്പെട്ടു. ഇരുവരും ചേർന്ന് മദ്യപിച്ച ശേഷം ശ്രീജിത്തിന്‍റെ കാറിൽ നരിക്കാട്ടേരിയിലേക്ക് പോയി. അമിതമായി മദ്യപിച്ചിരുന്ന ശ്രീജിത്ത് യുവതിയുടെ വീടിനടുത്ത് വെച്ച് കാറിൽ ഇറങ്ങുകയും സമീഷ് കാറുമായി ഭക്ഷണം വാങ്ങാൻ പോവുകയും ചെയ്തു. അമിത മദ്യലഹരിയിൽ റോഡരികിൽ കിടന്ന ശ്രീജിത്തിന്‍റെ ദേഹത്തേക്ക് കാർ കയറിയിറങ്ങിയെന്നാണ് സമീഷ് നൽകിയ മൊഴി.

കാറിന്‍റെ ടയറിനടിയിൽ കുടുങ്ങിയ ശ്രീജിത്തിനെ പുറത്തേക്ക് എടുത്ത് കിടത്തുമ്പോൾ നാട്ടുകാർ വരുന്നത് കണ്ടതോടെ സമീഷ് സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ സമീഷിനെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post