കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ 2 കോടിയിലേറെ രൂപയുടെ തിരിമറി; പരാതി, ബാങ്ക് മാനേജര്‍ക്ക് സസ്പെന്‍ഷന്‍



കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക്മാനേജര്‍ പണം തിരിമറി നടത്തിയതായി പരാതി. രണ്ടര കോടിയിലേറെ രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. കോര്‍പ്പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്.
ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ തന്‍റെ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തിയത്. അന്വേഷിച്ചപ്പോള്‍ പിഴക് സംഭവിച്ചെന്നായിരുന്നു ബാങ്കിന്‍റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു.

പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്‍പ്പറേഷന്‍ വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമാകുന്നത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറി ഇതുവരെ ബാങ്കില്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കോര്‍പറേഷന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.


സംഭവത്തിന് പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ് ചെയ്തു. ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങി.കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ലിങ്ക് റോഡ് ശാഖയിലെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post