വരുന്നൂ ‘എം.വി. ബേപ്പൂർ സുൽത്താൻ’



ബേപ്പൂർ : തീരദേശ ചരക്കുകപ്പൽ ഗതാഗതത്തിന്‌ വീണ്ടും വഴിതുറക്കുന്നു. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇടത്തരം തുറമുഖങ്ങളിൽ ആഴം വർധിപ്പിക്കുന്നതോടെ ചരക്കുകപ്പൽ ഗതാഗതം എളുപ്പമാവുമെന്നാണ്‌ സൂചന. അന്താരാഷ്ട്രതുറമുഖമായ വല്ലാർപ്പാടത്തെ ബന്ധിപ്പിച്ചുകൊണ്ട്‌ ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളിൽ കുറഞ്ഞചെലവിൽ ചരക്കുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്‌.
ഇപ്പോൾ ഗോവ കപ്പൽ പണിശാലയിൽ നിർമാണംപൂർത്തിയായ ‘എം.വി. ബേപ്പൂർ സുൽത്താൻ’ എന്ന കപ്പൽ ഈ മാസം 28-ഓടെ പരീക്ഷണ ഓട്ടത്തിന്‌ തയ്യാറായിട്ടുണ്ട്‌. കടലിലും നദിയിലും സഞ്ചരിക്കാൻകഴിയുന്ന ഈ കപ്പൽ കൊച്ചിയിലെ ലോട്ട്‌സ്‌ ഷിപ്പിങ്‌ കമ്പനിക്കുവേണ്ടിയാണ്‌ തീരദേശ സർവീസ്‌ നടത്താൻ തയ്യാറായിട്ടുള്ളത്‌. തീരദേശ ചരക്കുകപ്പൽ ഗതാഗതത്തിന്‌ തടസ്സമില്ലാത്തവിധത്തിൽ ബേപ്പൂർ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ നടപടിയെടുക്കണമെന്ന്‌ കയറ്റിറക്കുകമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്‌. എം.വി. ചൗഗ്ലേ എന്ന തീരദേശ ചരക്കുകപ്പൽ ബേപ്പൂർ തുറമുഖത്തടുത്ത്‌ ഒട്ടേറെത്തവണ ദൗത്യം പൂർത്തിയാക്കിയിരുന്നുവെങ്കിലും സാമ്പത്തികകാരണങ്ങളാൽ സർവീസ്‌ നിർത്തിവെക്കുകയായിരുന്നു. തുറമുഖത്ത്‌ ചരക്കുകപ്പൽ അടുക്കുന്നതിനുമുന്നോടിയായി അധികൃതർ ഏർപ്പെടുത്തേണ്ട ഐ.സി.സി.ടി. സംവിധാനം വൈകാതെ നടപ്പാക്കാൻ കഴിഞ്ഞാൽ കപ്പലുകൾക്ക്‌ ബേപ്പൂർ, അഴീക്കൽ പോലുള്ള തുറമുഖങ്ങളിൽ എത്തുന്നതിൽ തടസ്സവും ഉണ്ടാവില്ല.

ലോട്ട്‌സ്‌ ഷിപ്പിങ്‌ കമ്പനിയുടെ നേതൃത്വത്തിൽ ‘എം.വി. ബേപ്പൂർ സുൽത്താന്‌’ ഇടക്കൊച്ചിയിലെ മാസ്റ്റർ ഷിപ്പ്‌യാർഡിൽ 2008-ലാണ്‌ കീലിട്ടത്‌. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതിനാൽ നിർമാണം പൂർത്തീകരിക്കാൻ കഴിയാതെവന്ന ഈ കപ്പലാണ്‌ ഇപ്പോൾ ഗോവ ആസ്ഥാനമായുള്ള ഡംബോ കപ്പൽനിർമാണശാലയിൽ നിർമാണം പൂർത്തിയാക്കി സംസ്ഥാനത്തെ തീരദേശ ചരക്കുഗതാഗതത്തിന്‌ ഒരുങ്ങുന്നത്‌. പ്രധാന ഇടത്തരം തുറമുഖമായ ബേപ്പൂരാണ്‌ ചരക്കുഗതാഗതത്തിൽ പ്രധാന ഇടംതേടുന്നത്‌.


കേരള മാരിടൈം ബോർഡിന്റെ പുതിയ ചെയർമാനായി എൻ.എസ്‌. പിള്ള ചുമതലയേറ്റെടുത്തതോടെ തീരദേശ ചരക്കുഗതാഗതം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

ഇതിൽ തുറമുഖങ്ങളുടെ ആഴംകൂട്ടുന്ന പ്രവർത്തനമാണ്‌ വേഗംനടക്കേണ്ടത്‌. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളിൽ ഇപ്പോഴുള്ള ആഴം 4-5 മീറ്ററാണ്‌. ഈ ആഴത്തിൽത്തന്നെ നേരത്തേ ‘ചൗഗ്ലേ’ ബേപ്പൂരിൽ അടുത്തിരുന്നുവെങ്കിലും കപ്പൽച്ചാലിൽ മണ്ണടിഞ്ഞത്‌ കപ്പലുകളുടെ വരവിന്‌ തടസ്സം സൃഷ്ടിച്ചു.

കടൽമാർഗമുള്ള ചരക്കുഗതാഗതം സുഗമമാക്കുന്നതിന്‌ സ്വന്തമായി ചരക്കുകപ്പൽ നിർമിക്കാനും നീക്കമുണ്ട്‌. ഇതുസംബന്ധിച്ച പദ്ധതി കേരള മാരിടൈം ബോർഡ്‌ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌. ചരക്കുകപ്പൽ നിർമാണം സംബന്ധിച്ച്‌ കേരള മാരിടൈം ബോർഡ്‌ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസർ ടി.പി. സലിംകുമാറിന്റെ നേതൃത്വത്തിൽ കൊച്ചി കപ്പൽശാലയുമായി പ്രാഥമികചർച്ച നടത്തി. പദ്ധതി സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷ.


കൊച്ചിയിൽ ഒരുമാസം എത്തുന്ന 60,000 കണ്ടെയിനറുകളിൽ 40 ശതമാനവും മലബാറിലേക്കാണ്‌. ഈ ചരക്കുകളാണ്‌ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്‌. സർക്കാർ സംവിധാനങ്ങളായാൽ 28-ന്‌ ‘ബേപ്പൂർ സുൽത്താൻ’ തീരദേശ ചരക്കുഗതാഗത പരീക്ഷണയാത്രയ്ക്ക്‌ തയ്യാറാകുമെന്നാണ് സൂചന. കപ്പൽ ഗതാഗതത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ അശ്വനി പ്രതാപിന്റെ സാന്നിധ്യത്തിൽ ചർച്ചനടത്താൻ കെ.എം.ബി. സി.ഇ.ഒ. സലിംകുമാർ 22-ന്‌ ബേപ്പൂർ തുറമുഖത്തെത്തുന്നുണ്ട്‌.

Post a Comment

Previous Post Next Post