ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രം വരെ കാണിച്ച് റെയിൽവേ ജോലി വാഗ്ദാനം, തട്ടിപ്പ്, മൂന്ന് പേർ പിടിയിൽ, ആസൂത്രക ഒളിവിൽ




എടപ്പാൾ: റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ മൂന്ന് പ്രതികളെ മുക്കം പോലീസ് പിടികൂടി. ഏഴര ലക്ഷം രൂപ നഷ്ടമായെന്ന മൂന്നുപേരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിന്‍റെ ആസൂത്രകയെന്ന് പൊലീസ് സംശയിക്കുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യർ ഒളിവിലാണ്.

റെയിൽവെയിൽ വിവിധ തസ്തതികകളിൽ മാന്യമായ ശമ്പളത്തോടെ ജോലിയെന്ന വാഗ്ദാനം നൽകിയായിരുന്നു ലക്ഷങ്ങൾ വെട്ടിച്ചത്. കോഴിക്കോട് തിരുവമ്പാടിയിൽ മാത്രം അമ്പത് പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസ് നിഗമനം. മുക്കം വല്ലത്തായി പാറ സ്വദേശി ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ സ്വദേശി ബാബു എന്നിവരെയാണ് മുക്കം പോലീസ് പിടികൂടിയത്.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് ദക്ഷിണ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവും നൽകി. ഉദ്യോഗാർത്ഥികൾക്കായി ഉണ്ടാക്കിയ വാട്സ് അപ് ഗ്രൂപ്പിൽ , ജോലികിട്ടിയതായി പലരുടെയും പേരിൽ സന്ദേശങ്ങൾ പതിവായിരുന്നു. ഇതുകണ്ടാണ് കൂടുതൽ പേർ കുടുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

തട്ടിപ്പിന്‍റെ ഇടനിലക്കാർ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായരിക്കുന്നത്. ആസൂത്രകയെന്ന് കരുതുന്ന മലപ്പുറം എടപ്പാൾ സ്വദേശി അശ്വതി വാര്യർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഉദ്യോഗാർത്ഥികൾക്ക് ജോലി ഉറപ്പുനൽകി അശ്വതി അയച്ച വീഡിയോ സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു. റെയിൽവെയിൽ ഉന്നത പദവിയിലെന്ന് വിശ്വസിപ്പിച്ചായിരുന്നു അശ്വതിയുടെ തട്ടിപ്പ്.


ബിജെപി നേതാക്കൾക്കൊപ്പമുളള ചിത്രങ്ങൾ വരെ കാണിച്ചുകൊടുത്താണ് പലരുടെയും വിശ്വാസം നേടിയെടുത്തത്. പ്രാദേശികമായി മാത്രം നടന്ന തട്ടിപ്പല്ലെന്നും കൂടുതൽ പരാതികൾക്ക് സാധ്യതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അറസ്റ്റിലായവർ ബിജെപി അനുഭാവികളാണെന്നും ഇവർക്കെതിരെ ചങ്ങരംകുളം പൊന്നാനി സ്റ്റേഷനുകളിൽ സമാന പരാതികളുണ്ടെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post