ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധ; ബൈക്ക് യാത്രികർക്ക് പരിക്ക്


താമരശ്ശേരി: റോഡിലാകെ പാറമണൽ വിതറിയുള്ള ടിപ്പർ ലോറിയുടെ യാത്ര കാരണം ബൈക്ക് അപകടത്തിൽപ്പെട്ടു. ബൈക്ക് യാത്രികരായ താമരശ്ശേരി കോരങ്ങാട് രാമേശ്വരം വീട്ടിൽ ശരത്ചന്ദ്രൻ, പിതാവ് ചന്ദ്രൻ എന്നിവർക്കാണ് താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപത്ത് വച്ച് ബൈക്ക് തെന്നി വീണ് പരിക്കേറ്റത്.ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ മറ്റ് നിരവധി വാഹനങ്ങളും റോഡിൽ തെന്നി വീണെങ്കിലും പരിക്ക് ഏൽക്കാതെ പലരും രക്ഷപ്പെട്ടു.റോഡിലെ അപകടാവസ്ഥ അതേ പോലെ തുടരുകയാണ്.
ഇന്നു രാവിലെ 10.30 ഓടെയാണ് റോഡിലാകെ പാറപ്പൊടി ചിതറിച്ച് ദേശീയ പാതയിൽ അടിവാരം ഭാഗത്തു നിന്നും ചുങ്കം വഴി സംസ്ഥാന പാതയിലൂടെ ബാലുശ്ശേരി ഭാഗത്തേക്ക് ടിപ്പർ കടന്ന് പോയത്.

ടിപ്പർ കടന്ന് പോയ വഴി നീളെ റോഡിൽ മണലാണ്.ഈ മണലിലാണ് ഇരുചക്രവാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി വീഴുന്നത്. മണൽ റോഡിൽ കിടക്കുന്നത് കാരണം ഇരുചക്രവാഹന യാത്രക്കാർക്കും, കാൽ നട യാത്രക്കാർക്കും, വ്യാപാരികൾക്കും, നാട്ടുകാർക്കുമെല്ലാം ഒരേ പോലെ ദുരിതമായി മാറിയിരിക്കുകയാണ്.


ടിപ്പറിൻ്റെ പിന്നിലെ ബോഡി ശരിയായിട്ട് അടയാത്തതാണ് പാറമണൽ പുറത്തു ചാടാൻ കാരണമായത്. മണലിൽ പറക്കാതിരിക്കാൻ ലോഡിനു മേലെ വെള്ളമടിച്ചതിനാൽ വെള്ളത്തോടൊപ്പമാണ് റോഡിലാകെ മണൽ പരന്ന് ഒഴുകിയത്. പിന്നീട് വെള്ളം ഉണങ്ങിയതോടെ, അപകടങ്ങളും, റോഡാകെ പൊടിപടലവുമായി മാറി. അപകടകരമായ രൂപത്തിൽ ലോഡ് കയറ്റി സർവ്വീസ് നടത്തിയ ടിപ്പർ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി ട്രാഫിക് എസ് ഐ അബ്ദുൽ നാസർ പറഞ്ഞു.

Post a Comment

Previous Post Next Post