മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും


കോഴിക്കോട്: വ്‌ളോഗർ റിഫ മെഹനുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും. നാളെയാണ് മെഹ്നാസിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. റിഫ മെഹനുവിന്റെ മരണത്തിൽ തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി മെഹ്നാസ് ഇന്നലെ രംഗത്തെത്തിയിരന്നു. 

പലവട്ടം ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഒടുവിൽ ഒളിവിൽ കഴിയുന്ന മെഹ്നാസിനെ കണ്ടെത്താൻ തിരച്ചിൽ നോട്ടീസ് വരെ അന്വേഷണ സംഘത്തിന് ഇറക്കേണ്ടി വന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയുള്ള കേസിന്റെ ഗൗരവത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം. എന്നാൽ റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന കണ്ടെത്തൽ മുൻകൂർ ജാമ്യം ലഭിക്കാൻ വഴിയൊരുക്കുമെന്ന് മെഹ്നാസും കണക്കുകൂട്ടുന്നു. എങ്കിലും ആത്മഹത്യാ പ്രേരണ കുറ്റവും ശാരീരിക മാനസിക പീഡന കുറ്റവും നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിക്കും.
റിഫയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈമാസം ഏഴിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.

Post a Comment

Previous Post Next Post