ട്രെയിൻ തട്ടിയ ലക്ഷണമില്ല, ഫോൺ നഷ്ടപെട്ടതിൽ ദുരൂഹത'; സുഹൃത്തുക്കൾ ജംഷീദിനെ അപായപ്പെടുത്തിയതെന്ന് കുടുംബം


കോഴിക്കോട്: കർണാടകത്തിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. ട്രെയിൻ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിൽ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോൺ നഷ്ടമായെന്നവിവരമറിയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയിൽ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കളോട് ജംഷിദ് ട്രെയിൻ തട്ടി മരിച്ചുവെന്ന് സുഹൃത്തുക്കള്‍ അറിയിക്കുകയായിരുന്നു. എന്നാൽ സുഹൃത്തുക്കൾ ജംഷീദിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടെയുണ്ടായവ‍ര്‍ സംഭവശേഷം അന്വേഷിക്കുക പോലും ചെയ്തില്ലെന്നും മരണത്തിൽ സുഹൃത്തുക്കൾക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post