ഏറെ ആഗ്രഹിച്ച സെക്കന്‍ഹാന്‍ഡ് കാര്‍ വാങ്ങാന്‍ പോയി; തിരിച്ചു വരവ് അവസാന യാത്രയായി


കൊയിലാണ്ടി : വ്യാഴാഴ്ച അർധരാത്രിക്കുശേഷം 12.25-നാണ് കൊയിലാണ്ടി ഫയർ സ്റ്റേഷനിലേക്ക് പൊയിൽക്കാവിൽ വാഹനാപകടം നടന്നെന്ന് പറഞ്ഞ് വിളിയെത്തിയത്. പത്ത് മിനിറ്റിനകം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ച കാറിനുള്ളിൽനിന്ന് പരിക്കേറ്റ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ. ചെങ്കല്ല് കയറ്റിയ ലോറി ദേശീയപാതയുടെ മധ്യത്തിൽ മറിഞ്ഞുകിടക്കുന്ന അവസ്ഥയിലുമായിരുന്നു.
പ്രദേശവാസികളും ഫയർഫോഴ്‌സും ചേർന്ന് കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ രണ്ട് ആംബുലൻസുകളിലായി മെഡിക്കൽ കോളേജിലെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം റോഡിൽ ഒഴുകിയ ഓയിലും ഡീസലും ഫയർഫോഴ്സ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കി. മറിഞ്ഞ ലോറിയുടെ ടാങ്ക് പൊട്ടി ഡീസൽ റോഡിലാകെ പരന്നിരുന്നു. അപകടത്തെത്തുടർന്ന് ലോറിയിലുണ്ടായിരുന്ന കല്ലുകളും റോഡിലേക്ക് തെറിച്ചുവീണിരുന്നു. ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയെങ്കിലും ചെങ്കല്ല് മാറ്റാൻ കഴിഞ്ഞില്ല.

പാതിരാത്രി ചില ജെ.സി.ബി. ഉടമകളെ ഫയർഫോഴ്സ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നു അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് ചെങ്കല്ലുകൾ പൂർണമായി റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെത്തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, ഗ്രേഡ്: അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീകാന്ത്, കെ. ബിനീഷ്, ജിനീഷ്‌കുമാർ, ഇ.എം. നിധിപ്രസാദ് , ബബീഷ് ,സജിത്ത് ,നിധിൻരാജ്, ഹോംഗാർഡ് സോമകുമാർ, ഹരിദാസ് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.


എറണാകുളത്തുനിന്ന് സെക്കന്റ് ഹാൻഡ് കാർ വാങ്ങി കണ്ണൂരിലേക്ക് കൊണ്ടുവരുകയായിരുന്നു ചക്കരക്കല്ല് ഏച്ചൂർ സ്വദേശികളായ ശരത്ത്, നിജീഷ്, സജിത്ത് എന്നിവർ. ഇതിൽ ശരത്ത്‌, നിജീഷ് എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ തിരുവങ്ങൂരിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ഗുഡ്സ് വാഹനമിടിച്ചു ബൈക്ക് യാത്രികനായ അന്നശ്ശേരി കുറുമണ്ണിൽ ജ്യോതിഷ് ലാൽ മരിച്ചിരുന്നു. ഒരു ഇടക്കാലത്തിന് ശേഷം ദേശീയ പാതയിൽ അപകടങ്ങൾ കൂടിവരികയാണ്. പുലർച്ചെയാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്.

കണ്ണൂർജില്ലയിൽനിന്ന് ചെങ്കല്ല് കൊണ്ടുവരാനായി ടിപ്പർ ലോറികൾ പുലർകാലത്ത് ഹൈവേയിലൂടെ കുതിച്ചോടും. ഇതര സംസ്ഥാന ലോറികളും അതിവേഗത്തിൽ പോകുമ്പോൾ അപകട സാധ്യതയേറും. യാത്രാക്ഷീണവും വാഹനമോടിക്കുമ്പോൾ ഉറങ്ങിപ്പോകുന്നതും, റോഡിലെ അപകടക്കുഴികളും,സിഗ്നൽ സംവിധാനത്തിന്റെ പോരായ്മകളുമെല്ലാം അപകടത്തിനിടയാക്കുന്നു.

Post a Comment

Previous Post Next Post