കൂളിമാട് പാലത്തിന്റെ തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി


കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്ന് മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും.
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുൾപ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമഗ്ര റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, ബീം തകർന്ന് പത്ത് ദിവസമാകുമ്പോഴും അപകട കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ പിഡബ്യുഡി വിജിലൻസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘമറിയിച്ചിരിക്കുന്നത്.

അപകടകാരണത്തെക്കുറിച്ച് വ്യക്തതയില്ല

കൂളിമാട് പാലത്തിന്റെ പ്രധാന മൂന്ന് ബീമുകൾ തകർന്ന് വീണ് ഒരാഴ്ച കഴിഞ്ഞിട്ടും അപകടകാരണത്തെക്കുറിച്ച് വ്യക്തതയില്ലാതെ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച പിഴവെന്ന വിശദീകരണം മാത്രമേ അന്വേഷണ സംഘത്തിന് മുന്നിലൂളളൂ. ബീമുകൾ ഉറപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്ന ഗുരുതര വീഴ്ചയിലും വിജിലൻസ് സംഘം അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. ഒരുതവണ കൂടി സ്ഥലപരിശോധനയുൾപ്പെടെ നടത്തിയശേഷമേ നിഗമനത്തിലെത്താനാവൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.


ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും കിട്ടണം. ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സംഘം, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തെ ബലക്ഷമതയും പരിശോധിച്ചു. പരിശോധ ഫലം വരുന്നതുവരെ പണികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. അപകടത്തിൽ ഉദ്യോഗസ്ഥ പിഴവില്ലെന്നും ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച തകരാറെന്നുമുളള റോഡ് ഫണ്ട് ബോർഡിന്റെ പ്രാഥമിക റിപ്പോർട്ടും വിജിലൻസ് സംഘത്തിന്‍റെ മുന്നിലുണ്ട്. അതേസമയം, അന്വേഷണം ഇതുവരെ പൂർത്തിയാവാത്തത് നിർമ്മാണ കരാറുളള ഊരാളുങ്കൽ സൊസൈറ്റിയും സർക്കാരും തമ്മിലുളള അവിശുദ്ധകൂട്ടുകെട്ടന്ന ആരോപണം ആവർത്തിക്കുകയാണ് യുഡിഎഫ്.

Post a Comment

Previous Post Next Post