കേരളത്തിലെ പുഴകളില്‍നിന്ന് നീക്കാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം


തിരുവനന്തപുരം: വീണ്ടുമൊരു മഴക്കാലം എത്തും മുന്‍പ് ഒഴുക്ക് തടസ്സപ്പെടുത്തി കേരളത്തിന്റെ പുഴകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യവും ചെളിയും. 2018, 2019 വര്‍ഷങ്ങളില്‍ സംസ്ഥാനം നേരിട്ട പ്രളയത്തില്‍ 44 പുഴകളിലായി അടിഞ്ഞുകൂടിയതാണ് ചെളിയും എക്കലും മറ്റു മാലിന്യവും. സര്‍ക്കാര്‍ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കി നടത്തിയ പ്രാഥമിക പഠനത്തിലാണ് കണക്കുകള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ 3.01 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളില്‍നിന്ന് നീക്കാന്‍ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്.
മാര്‍ച്ചുവരെ 78,359.391 ക്യുബിക് മീറ്റര്‍ മാലിന്യം നീക്കം ചെയ്തപ്പോഴും മൂന്നുകോടിയിലധികം ക്യുബിക് മീറ്റര്‍ മാലിന്യം ബാക്കിയുണ്ട്. 18,52,674.33 ക്യൂബിക് മീറ്റര്‍ ചെളിയും പാഴ്വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


44 നദികളില്‍ 1.83 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമുള്ള പെരിയാറാണ് ഒന്നാമത്. ഇതില്‍നിന്ന് മാലിന്യമൊന്നും നീക്കംചെയ്തിട്ടില്ല. മണിമലയാറില്‍ 28.76 ലക്ഷം ക്യുബിക് മീറ്റര്‍, മീനച്ചിലാറില്‍ 15.22 ലക്ഷം ക്യുബിക് മീറ്റര്‍, പമ്പ 13.21 ലക്ഷം ക്യുബിക് മീറ്റര്‍ എന്നിങ്ങനെയാണ് മാലിന്യമുള്‍പ്പെടെ നീക്കം ചെയ്യാനുള്ളത്. 112 ക്യുബിക് മീറ്റര്‍ മാലിന്യം മാത്രം നീക്കം ചെയ്യാനുള്ള അയിരൂര്‍ പുഴയിലാണ് ഏറ്റവും കുറവ്. ഇത് പൂര്‍ണമായും തൊഴിലുറപ്പ് പദ്ധതി പ്രകാരം നീക്കാവുന്നതാണെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നദികളിലെയും കൈവഴികളിലെയും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, ചെളി, എക്കല്‍, മാലിന്യം എന്നിവ നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചനവകുപ്പ്, റവന്യൂവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും നടത്തിയിരുന്നു. മഴക്കാലത്തിന് മുന്‍പ് ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post