ബിഎസ്എൻഎൽ 4ജി കേരളത്തിൽ ആദ്യം വരുന്നത് കോഴിക്കോടുൾപ്പെടെ 4 ജില്ലകളിൽ


കോട്ടയം: ബിഎസ്എൻഎലിന്റെ പുതിയ 4ജി ടവറുകൾ കേരളത്തിൽ ആദ്യം വരുന്നത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ. കേരള സർക്കിളിനു കീഴിൽ ലക്ഷദ്വീപിൽ ഉൾപ്പെടെ 800 ടവറുകളിലാണു പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുക.

ടിസിഎസ് (ടാറ്റാ കൺസൽറ്റൻസി സർവീസസ്) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾക്ക് ബിഎസ്എൻഎൽ നിയോഗിച്ച സാങ്കേതിക ഉപദേശക സമിതി അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഉപകരണങ്ങൾ വാങ്ങാൻ ടിസിഎസുമായി 550 കോടിയുടെ കരാർ ബിഎസ്എൻഎൽ ഒപ്പുവച്ചു. 6,000 ടവറുകളിലാണ് ഒന്നാം ഘട്ടത്തിൽ പുതിയ 4ജി ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. ഏറ്റവും ലാഭകരമായ പ്രദേശങ്ങളിലാണ് ആദ്യം 4ജി ഉപകരണങ്ങൾ സ്ഥാപിക്കുന്നത്.


ഓഗസ്റ്റ് 15നു രാജ്യവ്യാപകമായി 4ജി റോൾ ഔട്ട് പ്രഖ്യാപിക്കാനാണു ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം കേരളത്തിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ നഗരങ്ങളും ഉണ്ടാകും. കേരളത്തിൽ പല ഭാഗങ്ങളിലും നിലവിലുള്ള 3ജി ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്ത് 4ജി നൽകി വരുന്നുണ്ട്. ബാൻഡ് വിഡ്ത് കൂട്ടി ഇതേ നിലയിൽ തുടരണോ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കണോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമാകും.

പുതിയ 4ജി ടവറുകൾ
  • തിരുവനന്തപുരം 296
  • എറണാകുളം 275
  • കോഴിക്കോട് 125
  • കണ്ണൂർ 100
  • മിനിക്കോയ് 4

Post a Comment

Previous Post Next Post