കരിപ്പൂർ: വെളിച്ചം കാണാതെ ബദൽ മാസ്റ്റർ പ്ലാൻകരിപ്പൂർ:കുറഞ്ഞ ഭൂമിയില്‍ കൂടുതൽ വികസനം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് വിമാനത്താവള വികസനത്തിനു വിദഗ്ധരും ജനപ്രതിനിധികളും നാട്ടുകാരും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. അതൊന്നും പരിഗണിച്ചിട്ടില്ല എന്നു മാത്രമല്ല, വിമാനത്താവളത്തിനു ഗുണകരമല്ലാത്ത നീക്കങ്ങളാണ് ഉണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്. 

ബദൽ മാസ്റ്റർ പ്ലാൻ

500 ഏക്കറിലേറെ സ്ഥലം ഏറ്റെടുക്കാനുള്ള നിർദേശങ്ങളും പ്രദേശവാസികളുടെ പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുത്തുള്ള വികസനം ചർച്ചയായത്. എയ്റോഡ്രോം എയർ ട്രാഫിക്, സിവിൽ ഏവിയേഷൻ, സിവിൽ എൻജിനീയറിങ് മേഖലകളിലെ വിദഗ്ധർ, കോഴിക്കോട് എൻഐടി ആർക്കിടെക്ചർ വിഭാഗത്തിന്റെ സഹായത്തോടെ തയാറാക്കിയതാണു ബദൽ മാസ്റ്റർ പ്ലാൻ. 2021 ജനുവരി 25ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അരവിന്ദ് സിങ്ങിനു കൈമാറി. എയർപോർട്ട് അതോറിറ്റിയുടെ വിദഗ്ധരും വകുപ്പുമേധാവികളും പങ്കെടുത്ത യോഗത്തിൽ പ്രദീപ് കണ്ടോത്ത് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, എയർ ട്രാഫിക് മാനേജ്മെന്റ് ആൻഡ് എയർ സേഫ്റ്റി), അവാം സുറൂർ (സിവിൽ ഏവിയേഷൻ അനലിസ്റ്റ്) എന്നിവർ പദ്ധതി അവതരിപ്പിച്ചിരുന്നു.

3400 മീറ്റർ റൺവേ, 240 മീറ്റർ‍ റിസ, കൂടുതൽ വിമാനങ്ങൾക്കു പാർക്കിങ് സൗകര്യം, ഏപ്രൺ നവീകരണം, അണ്ടർ ഗ്രൗണ്ട് കാർഗോ കോംപ്ലക്സ്, ഓട്ടമാറ്റിക് മൾട്ടിലെവൽ കാർ പാർക്കിങ്, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ് തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു അത്. റൺവേക്കും അനുബന്ധ വികസനത്തിനും 43.11 ഏക്കർ ഭൂമി ഏറ്റെടുത്താൽ മതിയെന്നു റിപ്പോർട്ടിലുണ്ട്. മറ്റു കാര്യങ്ങൾക്ക് 51.5 ഏക്കർ ഉൾപ്പെടെ 94.61 ഏക്കർ. മികച്ച നഷ്ടപരിഹാര– പുനരധിവാസ പാക്കേജും ആവശ്യപ്പെടുന്നതാണു റിപ്പോർട്ട്.

എയർപോർട്ട് അതോറിറ്റി എയ്റോഡ്രോം പ്ലാനിങ് ജനറൽ മാനേജർ അമിത് ഭൗമിക് 2020 ഒക്ടോബർ 16നു വിമാനത്താവളം സന്ദർശിച്ചപ്പോൾ അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾകൂടി പരിഗണിച്ചുള്ള മാസ്റ്റർ പ്ലാൻ ആണു സമർപ്പിച്ചതെന്ന് ഉപദേശക സമിതി കോ-ചെയർമാൻ എം.കെ.രാഘവൻ എംപി പറഞ്ഞു.


Post a Comment

Previous Post Next Post