ആധുനിക സജ്ജീകരണങ്ങളോടെ പാതയോരങ്ങളില്‍ 100 'ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയങ്ങള്‍ക്കൂടി


തിരുവനന്തപുരം: വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. കേന്ദ്രങ്ങൾ സെപ്തംബർ 7ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ നാടിന് സമർപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാകുന്നത്.

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ്മ പരിപാടിയിലുൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് 'ടേക്ക് എ ബ്രേക്ക് . എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 100 സമുച്ചയങ്ങൾ പൂർത്തികരിച്ചിരുന്നു. 524 എണ്ണം ശുചിമുറി സമുച്ചയങ്ങളുടെ നിർമാണം പുരോഗതിയിലാണ്.

ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിൽ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് ഇതിനോടകം കൈവരിക്കാൻ സാധിച്ചിട്ടുളളത്. ആ കുതിപ്പിന് കരുത്ത് പകർന്നുകൊണ്ടാണ് വൃത്തിയും ശുചിത്വവുമുളള പൊതു ശുചിമുറികൾ യാഥാർത്ഥ്യമാകുന്നത്.

തിരുവനന്തപുരം 13, കൊല്ലം 13, പത്തനംതിട്ട 14, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 1, എറണാകുളം 19, തൃശ്ശൂർ 4, പാലക്കാട് 1, കോഴിക്കോട് 2, കണ്ണൂർ 4, കാസർകോട് 10 എന്നിങ്ങനെയാണ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുള്ളത്. കുടുംബശ്രീ പ്രവർത്തകർക്കായിരിക്കും ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.

Post a Comment

Previous Post Next Post