ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം; സമഗ്രപദ്ധതിക്ക് അംഗീകാരം നല്‍കി




ബേപ്പൂര്‍:മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വാട്ടര്‍ കണക്ഷന്‍ എത്തിക്കുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചു. ബേപ്പൂര്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായി മന്ത്രി പി എ മുഹമ്മദ് റിയാസും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 

ബേപ്പൂര്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍, ചെറുവണ്ണൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. രാമനാട്ടുകരയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. 

മണ്ണൂര്‍ - കടലുണ്ടി - ചാലിയം റോഡില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍, രാമനാട്ടുകരയിലെ പ്രവൃത്തി എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കും.  വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസ് നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. ഫറോക്ക് - കരുവന്‍തുരുത്തി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post