ബീച്ച് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു



കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്റിൽനിന്ന് കണക്‌ഷൻ കൊടുക്കുന്നതുൾപ്പെടെയുള്ള പണിയാണ് ഇനി ശേഷിക്കുന്നത്. ഇതുകൂടി പൂർത്തിയായാൽ പ്ലാന്റ് പ്രവർത്തനം തുടങ്ങും. മൂന്നോ നാലോ ദിവസത്തിനുള്ളിൽ രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനുകീഴിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്‌പാദിപ്പിക്കുന്ന പ്ലാന്റാണ് ഇവിടെയുള്ളത്. കോയമ്പത്തൂരിൽ നിന്നാണ് പ്ലാൻറ്‌ കൊണ്ടുവന്നത്. കേന്ദ്രപദ്ധതിയാണെങ്കിലും ഇതിനുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കുന്നത് ദേശീയ ആരോഗ്യദൗത്യം ഫണ്ടിൽനിന്നാണ്. 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

നിലവിൽ 550 സിലിൻഡർ ഓക്സിജനാണ് ഒരുമാസം ബീച്ച് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. രണ്ടരലക്ഷം രൂപയോളം ചെലവാകും. കോവിഡിനെത്തുടർന്ന് എല്ലാ കട്ടിലുകളിലും കേന്ദ്രീകൃതസംവിധാനത്തോടെ ഓക്സിജൻ എത്തിക്കുന്നുണ്ട്. കോവിഡ് - കോവിഡിതര രോഗികൾക്ക് 316 കട്ടിലുകളിലാണ് ഓക്സിജൻ എത്തിക്കുന്നത്. പല സംഘടനകളുടെയും സഹായത്തോടെയായിരുന്നു ഇത്. കോവിഡിനുമുമ്പ് 76 കട്ടിലുകളിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം ഉണ്ടായിരുന്നു.

സ്വന്തമായി പ്ലാന്റ് വരുന്നതോടെ രോഗികൾക്ക് കൃത്യമായി ഓക്സിജൻ എത്തിക്കാനാകും. ഓക്സിജൻക്ഷാമം ഉണ്ടാകില്ല. അതുപോലെ ഓക്സിജൻ നിറയ്ക്കാനുള്ള ചെലവും കുറയ്ക്കാനാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ ജില്ലയിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ പ്ലാന്റ് നിർമിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂർ, തിരുവനന്തപുരം ജനറൽ ആശുപത്രികളിലും പ്ലാന്റ് ഒരുക്കുന്നുണ്ടെന്ന് ബി.പി.സി.എൽ. അധികൃതർ പറഞ്ഞു. എത്രയും പെട്ടെന്ന് പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമായിത്തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് പറഞ്ഞു. ഇതിനുമുന്നോടിയായി ജീവനക്കാർക്കുള്ള പരിശീലനം ശനിയാഴ്ച തുടങ്ങും.

Post a Comment

Previous Post Next Post