വടകരയിൽ ആറുവർഷത്തിനിടെ ഇത് മൂന്നാം ടാങ്കർ അപകടം: ഭീതിയൊഴിയാതെ ദേശീയപാതയോരം

ഇന്നലെ നടന്ന ഗ്യാസ് ടാങ്കർ അപകടവും 2015-ൽ നടന്ന ഗ്യാസ് ടാങ്കർ അപകടവും


വടകര: അഴിയൂരിനും വടകരയ്ക്കും മധ്യേയുള്ള ദേശീയപാതയിൽ ആറുവർഷത്തിനിടെ നടന്നത് മൂന്ന് ടാങ്കർ അപകടങ്ങൾ. ഇതിൽ തിങ്കളാഴ്ചത്തേതുൾപ്പെടെ രണ്ട് ഗ്യാസ് ടാങ്കറുകളും ഒരു പെട്രോൾ ടാങ്കറുമാണ് അപകടത്തിൽ പെട്ടത്. മൂന്ന് സംഭവങ്ങളിലും ഭാഗ്യത്തിനാണ് വലിയ അപകടം ഒഴിവായത്.

2015 സെപ്റ്റംബർ 19-ന് രാത്രിയിലായിരുന്നു മടപ്പള്ളിയെയും പരിസരപ്രദേശങ്ങളെയും നടുക്കി ഗ്യാസ് ടാങ്കർ ലോറി മിനിലോറിയിടിച്ച് നിയന്ത്രണം വിട്ട് കാറിനുമുകളിലേക്ക് മറിഞ്ഞത്. കാർയാത്രക്കാർക്ക് പരിക്കേറ്റു. മാത്രമല്ല പാചകവാതകം ചോരുകയും ചെയ്തു. ഇത് പ്രദേശത്ത് വലിയ ആശങ്ക ഉയർത്തിയെങ്കിലും അഗ്നിശമനസേനയും പോലീസും നാട്ടുകാരുമെല്ലാം കൈകോർത്ത് നടത്തിയ രക്ഷാപ്രവർത്തനം അന്ന് വലിയ അപകടം ഒഴിവാക്കി. ഒട്ടേറെ വീട്ടുകാരെ അന്ന് ഒഴിപ്പിച്ചിരുന്നു. ദേശീയപാത വഴി ഗതാഗതം ഒഴിവാക്കി.

അവസാനം മംഗളൂരുവിൽനിന്ന് എമർജൻസി റെസ്‌പോൺസിബിൾ വെഹിക്കിൾ എത്തിച്ചാണ് ചോർച്ച തടഞ്ഞതും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതും. അതുവരെ അഗ്നിശമനസേന ടാങ്കറിനു മുകളിലേക്ക് വെള്ളം ചീറ്റിച്ചുകൊണ്ടേയിരുന്നു.

പിന്നീട് വടകരയെ ഞെട്ടിച്ച അപകടം വടകര ബൈപ്പാസിൽ ആശ ആശുപത്രിക്കു സമീപം പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ്. 2019 നവംബർ 28-നായിരുന്നു ഈ അപകടം. ടാങ്കറിലെ പെട്രോൾ മൊത്തം റോഡിലേക്ക് പരന്നൊഴുകിയതോടെ വലിയ അപകടം മണത്തു. മണിക്കൂറുകളോളമാണ് വടകര മുൾമുനയിൽ നിന്നത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും കൈമെയ്‌ മറന്ന് രക്ഷാപ്രവർത്തനം നടത്തി അന്നും അപകടം ഒഴിവാക്കി. കണ്ണൂക്കരയിൽ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവം ആറുവർഷത്തിനിടെ മൂന്നാമത്തേതാണ്. ഭാഗ്യത്തിന് ദുരന്തങ്ങൾ ഒഴിവായിപ്പോകുമ്പോഴും അപകടങ്ങൾ ആവർത്തിക്കുന്നത് ദേശീയപാതയോരത്ത് ഭീതി ഉയർത്തുന്നുണ്ട്.

Post a Comment

Previous Post Next Post