കോർപ്പറേഷൻ കൗൺസിൽയോഗം : ബീച്ചിൽ പുത്തൻമാതൃകയിൽ ഉന്തുവണ്ടികൾ; കച്ചവടത്തിനായി പ്രത്യേക മേഖല



കോഴിക്കോട് : ബീച്ചിൽ കൂടുതൽ സൗകര്യങ്ങളുള്ള ഉന്തുവണ്ടികളും കച്ചവടത്തിനായി പ്രത്യേക മേഖലയും ഒരുങ്ങും. ഇതിനായുള്ള വിശദപദ്ധതിരേഖ മേയർ ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽചേർന്ന കോർപ്പറേഷൻ കൗൺസിൽയോഗം അംഗീകരിച്ചു.
ബീച്ചിൽ 92 ഉന്തുവണ്ടിക്കച്ചവടക്കാരാണുള്ളത്. ഇതിൽ 13 എണ്ണമൊഴിച്ചുള്ളവ ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്നവയാണ്. ഉന്തുവണ്ടിയുടെ ഉള്ളിൽനിന്ന് കച്ചവടം നടത്താൻ പറ്റുന്നരീതിയിലുള്ള വാഹനമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വൈദ്യുതി, വെള്ളം, പാചകം ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സൗകര്യം എന്നിവയുണ്ടാകും. നടപ്പാതയോട് ചേർന്നാണ് സൗകര്യമൊരുക്കുക.

മലിനജലം സംസ്കരണപ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും പുറത്തേക്ക് വിടുക. മാലിന്യം വെവ്വേറെ തരംതിരിച്ച് വെക്കാനുള്ള സംവിധാനം ഒരുക്കും. വണ്ടികൾ തമ്മിൽ നിശ്ചിത അകലമുണ്ടാകും. ഒരു വണ്ടിക്ക് 1,38,465 രൂപയാണ് കണക്കാക്കുന്നത്. ഇതിനായി കച്ചവടക്കാർക്ക് കേരള ബാങ്ക് ലോൺ അനുവദിക്കും. വണ്ടികൾ വെക്കുന്നതിനുള്ള സ്ഥലസൗകര്യം ഒരുക്കുന്നതിന് 4,08,94,660 രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡി-എർത്ത് ആണ് വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്. ദേശീയനഗര ഉപജീവനദൗത്യം വഴിയാണ് ഫണ്ട് കണ്ടെത്തുകയെന്ന് ക്ഷേമകാര്യസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. പദ്ധതിരേഖ സർക്കാരിലേക്ക് അയക്കുന്നതിനുമുമ്പ് തുറമുഖവകുപ്പിന്റെ അനുമതിയും വാങ്ങും. ഉന്തുവണ്ടികൾക്ക് ബ്രാൻഡിങും നൽകും.


കുടുംബശ്രീക്കായി ഒപ്പം

കുടുംബശ്രീക്ക് കീഴിലുള്ള വിവിധ പദ്ധതികൾചേർത്ത് ‘ഒപ്പം’ പ്രത്യേക പ്രചാരണം നടത്തും. ദേശീയനഗര ഉപജീവനദൗത്യം, പി.എം.എ.വൈ.-ലൈഫ്, ഓക്സിലറി ഗ്രൂപ്പ് എന്നിവയെല്ലാം ഒന്നിച്ചു കൊണ്ടുപോവുകയാണ് ലക്ഷ്യം. തൊഴിൽ ആവശ്യമായവരെ കണ്ടെത്തുക, ബാങ്ക് വായ്പയ്ക്കുള്ള സൗകര്യം, നൈപുണിപരിശീലനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാക്കും. ഫെബ്രുവരി 28 വരെ വാർഡുതലങ്ങളിലുൾപ്പെടെ പ്രചാരണം നടത്തി അർഹരായവർക്ക് പിന്തുണയേകും. ഒപ്പത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30-ന് ടാഗോർ ഹാളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

അതേസമയം കുടുംബശ്രീയിൽ രാഷ്ട്രീയം നോക്കിമാത്രമാണ് അംഗങ്ങളെ ചേർക്കുന്നതെന്ന് സി.എസ്. സത്യഭാമ ആരോപിച്ചു. അങ്ങനെയല്ലെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരാതി നൽകാമെന്നും മേയർ അറിയിച്ചു. എസ്.കെ. അബൂബക്കർ, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, ടി. റെനീഷ്, സി.പി. സുലൈമാൻ, ടി.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


ലയൺസ് പാർക്കിൽ നിയന്ത്രണംവേണം

ലയൺസ് പാർക്ക് ആകെ അലങ്കോലമായെന്നും പരിപാടികൾക്ക് വിട്ടുകൊടുക്കുന്നത് ഒഴിവാക്കണമെന്നും കൗൺസിലർ കെ. റംലത്ത് പറഞ്ഞു. പാർക്കിനുള്ളിലേക്ക് കയറാതിരിക്കാൻ കയർ കൊണ്ടെങ്കിലും വേലിയൊരുക്കണമെന്ന് അവർ പറഞ്ഞു. പാർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.

Brand new wheelbarrows on the beach

Post a Comment

Previous Post Next Post