പോക്സോ കേസിലെ പരാതിക്കാരിയുടെ വീട്ടിലെ ബൈക്ക് അടിച്ചുമാറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; 2 പേര്‍ അറസ്റ്റില്‍




കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബുഷാനിദ് (28)എന്നിവരെയാണ് തലപ്പെരുമണ്ണ വെച്ച് വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 19 ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർമാർക്കറ്റിൽ ഷട്ടർ തകർത്തു 18,000- രൂപയും സ്റ്റേഷനറി സാധനങ്ങളും കവർച്ച നടത്തിയ രണ്ട് പേരെയാണ് കോഴിക്കോട് റൂറൽ എസ് പി. ആർ. കറപ്പസാമി ഐ പി എസ്. ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണ നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോൾ പൊലീസിനെ കണ്ട് തിരിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാവുന്നത്. അബുഷാനിദ് കഴിഞ്ഞ വർഷം ഓഗസ്ത് മാസത്തിൽ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലെ കേസിൽ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ വർഷം മെഡിക്കൽ കോളേജ് വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കവർച്ച ചെയ്ത കേസിൽ നവംബർ 17 നാണ് ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയത്. പിറ്റേന്ന് പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പിതാവിന്റെ മോട്ടോർ സൈക്കിൾ മോഷണം നടത്തി, അന്ന് തന്നെ കൊടുവള്ളിയിലുള്ള സൂപ്പർ മാർക്കറ്റിലും കവർച്ച നടത്തിയത്.


മലപ്പുറം ജില്ലയിലെ കൂട്ട് പ്രതിയുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെ അടുത്ത കളവിനു വേണ്ടി കൊടുവള്ളി ഭാഗത്തേക്ക്‌ വരുമ്പോൾ പിടിയിലാവുന്നത്. കളവ് നടത്തി കിട്ടിയ പണം ഉപയോഗിച്ച് മയക്ക് മരുന്ന് വാങ്ങി വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻസ്‌പെക്ടർ പി. ചന്ദ്രമോഹൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, സുരേഷ്. വി. കെ, ബിജു പൂക്കോട്ട്, കൊടുവള്ളി എസ് ഐ മാരായ അനൂപ്. എ പി, പ്രകാശൻ. പി, എ എസ് ഐ സജീവൻ. ടി, എസ്.സി.പി.ഒ. ജയരാജൻ.എൻ. എം, ലിനീഷ്.കെ.കെ, സത്യരാജ്, അബ്ദുൽ റഹീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post