കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്



കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ടുകൊണ്ട് മെസഞ്ചറിൽ മെസ്സേജ് അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു  
പ്രസിഡന്റിന്റെ വാക്കുകൾ

പ്രിയമുള്ളവരേ..

എന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് അക്കൗണ്ട് തുടങ്ങി അതിൽ നിന്നും പല ആളുകളോടും പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇത് ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ആരും വഞ്ചിതരാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു
ആദർശ് ജോസഫ്

വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാർത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽനിന്നും പ്രൊഫൈൽ ചിത്രവും കവർ ചിത്രവും എടുത്ത് അതേ മാതൃകയിൽ സമാനമായ പേര് നൽകി പുതിയ അക്കൗണ്ട് നിർമിക്കുകയാണ് തട്ടിപ്പുകാർ. ശേഷം യഥാർത്ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം കടം ചോദിക്കുകയാണ് ചെയ്യുന്നത് ഏറെ നാളുകളായി ഈ രീതിയിലുള്ള തട്ടിപ്പുകൾ ഫെയ്സ്ബുക്കിൽ നടക്കുന്നുണ്ട്. ആശുപത്രിയിലാണ്, അത്യാവശ്യമാണ് എന്നെല്ലാമുള്ള അടിയന്തിര കാരണങ്ങൾ പറഞ്ഞാണ് ഇംഗ്ലീഷിൽ ഇത്തരക്കാർ കടം ചോദിക്കുന്നത്. സുഹൃത്തല്ലേ എന്ന് കരുതി ചിലർ പണം അയച്ചുകൊടുത്ത് കെണിയിലാവുന്നുണ്ട്.


പ്രമുഖരെന്നും സാധാരണക്കാരെന്നും വ്യത്യാസമില്ലാതെയാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ അക്കൗണ്ട് നിർമിക്കുന്നത്. 2021-ൽ എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തെ ഉത്തർപ്രദേശിൽ നിന്ന് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞമാസം കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നു.
പണം അയക്കാൻ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള സേവനങ്ങളുടെ ഐഡിയും ഫോൺ നമ്പറുമാണ് നൽകുക. മെസഞ്ചറിൽ ഇത്തരം തട്ടിപ്പുകാർ മെസ്സേജ് അയക്കുമ്പോൾ യഥാർത്ഥ ഉടമയെ ഫോണിൽ വിളിച്ചു യാഥാർത്ഥ്യം തിരക്കി മാത്രം പണം അയക്കുക അല്ലാത്തപക്ഷം പണം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതായിരിക്കും

റിപ്പോർട്ടർ: ഫാസിൽ തിരുവമ്പാടി.

Post a Comment

Previous Post Next Post