തല ചുമരിൽ ഇടിച്ചു, പലതവണ ചവിട്ടി; മകന്റെ ക്രൂരമർദ്ദനത്തിനിരയായ പേരാമ്പ്ര സ്വദേശി വയോധിക ചികിത്സയിലിരിക്കെ മരിച്ചു


പേരാമ്പ്ര: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് നാരായണിക്ക് മകൻ രാജീവനിൽ നിന്ന് ക്രൂരമർദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മെ‌യ് ഒന്നിനാണ് ദാരുണ സംഭവമുണ്ടായത്. നാരായണിയെ മകൻ രാജീവൻ ക്രൂരമായി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.


Read alsoവടകരയിൽ ടാങ്കർ ലോറി മറിഞ്ഞു

വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ തല ചുമരിലിടിക്കുകയും പലതവണ ചവിട്ടിവീഴ്ത്തുകയും ചെയ്തു. സിറ്റ് ഔട്ടിലെ പടിയിലെ തലയിടിച്ച് തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളെ രാജീവന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പിന്നീട് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന ദിവസം രാജീവനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

മകന്‍ പി ടി രാജീവനെ (49) പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റുചെയ്തിരുന്നു.അമ്മ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാജീവന്‍ കൊയിലാണ്ടി സബ് ജയിലിലാണ്.

Post a Comment

Previous Post Next Post