രണ്ടു കുട്ടികളെ പുഴയിൽ കാണാതായി; ഒരാൾ മരിച്ചു, വിറങ്ങലിച്ച് നാദാപുരം മുടവന്തേരി ഈസ്റ്റ് ഗ്രാമം


കോഴിക്കോട്: സ്കൂൾ തുറന്ന ദിനത്തിൽ കളിക്കളത്തിൽ നിന്ന്‌ പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയിൽ കാണാതാവുകയും ചെയ്ത സംഭവത്തിൽ വിറങ്ങലിച്ച് നാദാപുരം മുടവന്തേരി ഈസ്റ്റ് ഗ്രാമം. ഇന്ന് സ്കൂൾ പ്രവേശനത്തിനുള്ള സ്വപ്നങ്ങൾ ബാക്കിവച്ചാണ് ഇരുവരും അപകടത്തിൽ പെട്ടത്. മുടവന്തേരി കൊയിലോത്ത് മൊയ്തുവിൻ്റെ മകൻ മുഹമ്മദ് (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മിസ് ഹബ് (13) നായുള്ള തെരച്ചിൽ തുടരുകയാണ്.
പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്. ചെക്യാട് ഉമ്മളത്തൂർ പുഴയിലാണ് സംഭവം. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിർന്നവർ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാൽ ഇവർ കാണാതെ പുഴയിൽ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മറുകരയിൽ അലക്കുകയായിരുന്ന സ്ത്രീയാണ് കുട്ടികളെ ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടത്.

ഇവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തുനിന്ന്‌ മുഹമ്മദിനെ പുറത്തെടുത്തു. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മിസ്ഹബിനായുള്ള തെരച്ചിൽ രാത്രി പത്തുവരെ തുടർന്നു. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post