കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റിൽകോഴിക്കോട്: സ്വകാര്യക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ . നാദാപുരം ന്യൂക്ലിയസ് ക്നിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാർത്ഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.പി.ജേക്കബ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ വട്ടോളി സംസ്കൃതം സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി തേജ്ദേവ് (12) മരിച്ചത്. കഫക്കെട്ടിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് കുട്ടി മാതാവിനൊപ്പം ഈ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഡോക്ടര്‍ പരിശോധിച്ച ശേഷം കുട്ടിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുകയും നഴ്സ് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. എന്നാൽ കുത്തിവയ്പ്പ് സ്വീകരിച്ച് അൽപസമയത്തിനകം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ആംബുലൻസിൽ താമരശ്ശേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അതിനോടകം മരണപ്പെടുകയായിരുന്നു. ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുണ്ടായ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാണിച്ച് കുടുംബം നാദാപുരം പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ്.


Read alsoപേരാമ്പ്രയിൽ മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു

ശ്വാസ തടസ്സമാണ് വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നാദാപുരം പോലീസ് ഡോക്ടർ ഉൾപെടെ മൂന്ന്പേരെ അറസ്റ്റ് ചെയ്തത്.

കുട്ടിക്ക് കുത്തിവയ്പ്പ് എടുത്ത നഴ്സ് ഷാനിക്ക് മതിയായ യോഗ്യതയില്ലെന്നും കുട്ടിയെ അഡ്മിറ്റ് ചെയ്യുമ്പോൾ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നും ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വേണ്ട യോഗ്യതകളില്ലാത്ത ഷാനിയെ നഴ്സായി നിയമിക്കുകയും ഇഞ്ചക്ഷൻ എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തതിൻ്റെ പേരിലാണ് ക്ലിനിക്കിലെ ഡോക്ടറും മാനേജിംഗ് പാര്‍ട്ണറും കേസിൽ പ്രതി ചേര്‍ക്കപ്പെട്ടത്.

Post a Comment

Previous Post Next Post