'റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു'; കുന്നമംഗലത്ത് വെച്ച് ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി


കോഴിക്കോട്: റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്നലെ രാത്രി 8.30 യോടെ കോഴിക്കോട് കുന്നമംഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇവർ. സ്ട്രീറ്റ് ലൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്.
''കുന്നമംഗലം കഴിഞ്ഞിട്ട് ഒരു പെട്രോൾ പമ്പുണ്ട്. അവിടെ നിന്നാണ് എന്നെ ഫോളോ ചെയ്തു വന്നത്. ബസിറങ്ങി നടന്നു വരികയായിരുന്നു ഞാൻ. പെട്രോള്‍ പന്പിന് അടുത്തുനിന്നാണ് അവന്‍ എന്‍റെ പിന്നാലെ വന്നത്. അവൻ നോക്കിയപ്പോൾ ഒരു സ്ത്രീ നടന്നു പോകുന്നു. എട്ടര മണി സമയമാണല്ലോ. ഞാനല്ല, ഏത് സ്ത്രീയായിരുന്നുവെങ്കിലും അവൻ പുറകേ പോകും. ജംഗ്ഷനിൽ ആളുകളുണ്ട്. സ്ട്രീറ്റ് ലൈറ്റുകളൊന്നും ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോൾ അവൻ എന്നെ കയറിപ്പിടിച്ചു, വലിച്ചിഴച്ചു. റേപ്പ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അവനങ്ങനെ ചെയ്തത്. ഏത് വിധേനയും ആക്രമിക്കുക എന്നുണ്ടല്ലോ? അതാണ് സംഭവിച്ചത്. ആ സാഹചര്യത്തിൽ ഞാൻ പതറാതെ നിന്നത് കൊണ്ടാണ് എനിക്കവനെ ചവിട്ടി താഴെയിടാൻ സാധിച്ചത്. ഞാൻ അലറിയത് കൊണ്ടാണ് അവനോടിയത്. ഞാനവന്റെ പുറകേ ഓടി. എന്റെ അലർച്ച കേട്ട് ആൾക്കാർ കൂടി, അവനെ പിടികൂടി. രണ്ട് പിള്ളേര് ബൈക്കിൽ പോയാണ് അവനെ പിടിച്ചു കൊണ്ടുവന്നത്.- നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ആലീസ് വിശദീകരിച്ചു.

ഒരിടത്തും പതുങ്ങിയിരിക്കാൻ ഇവനെ അനുവദിക്കില്ലെന്നും ആലീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ''എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.'' നിയമപരമായി ഏതറ്റം വരെ പോകുമെന്നും ആലീസ് കൂട്ടിച്ചേർത്തു


''അഡ്വക്കേറ്റിനോട് സംസാരിച്ചതിന് ശേഷം, എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. നിയമപരമായി ഏതൊക്കെ രീതിയിൽ പോകാൻ സാധിക്കുമോ അതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം. അവന്റെ അമ്മ എന്ത് വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞ് എന്റെ കാലുപിടിച്ചു. അവരെനിക്ക് എന്ത് ചെയ്ത് തരാനാണ്? ഒരു സ്ത്രീയുടെ ശരീരത്തിൻമേൽ, അഭിമാനത്തിൻമേൽ അറ്റാക്ക് ചെയ്തതിന് എന്ത് പരിഹാരമാണ് ഈ ഭൂമിയിലുള്ളത്? ഒരു പരിഹാരവുമില്ല. പരിഹാരമില്ലാത്ത വിഷയമാണത്. നിങ്ങളുടെ മകനെ കൊന്നിട്ട് വന്നോളൂ, അപ്പോ നോക്കാം എന്നാണ് ‍ഞാൻ അവര്‍ക്ക് മറുപടി കൊടുത്തത്.''

തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ തലയുയർത്തിപ്പിടിച്ച് നിന്ന് പോരാടുമെന്നും ആലീസ് വ്യക്തമാക്കി. ''അവനെ ഈ സമൂഹത്തിൽ ഇറക്കിവിട്ടാൽ, എന്റെ പുറകെ വന്നപ്പോൾ ഇങ്ങനെയായിരിക്കും സംഭവിച്ചത്. വേറെയൊരു സ്ത്രീയുടെ പുറകെ ആണെങ്കിൽ ഇങ്ങനെയാകണമെന്നില്ല. കുറച്ചുകൂടി ഇരുട്ടിയിരുന്നെങ്കിൽ, ഓടി വരാൻ ആളില്ലാത്ത ഒരിടമായിരുന്നെങ്കിൽ, നമ്മൾ എങ്ങനെയൊക്കെ പ്രതികരിച്ചിട്ടും കാര്യമില്ല. തലക്കൊരു കല്ല് വെച്ചിടിച്ചാൽ മതി, ഇന്നത്തെ ദിവസം ഒരുപക്ഷേ ഞാൻ കാണില്ലായിരുന്നു. ഒരു വിധത്തിലും പൊറുക്കാൻ പറ്റാത്ത രീതിയിൽ ആക്രമിച്ച ആളാണ് അവൻ. എനിക്കെതിരെ വന്ന ഒരു സംഭവം. അതിനെതിരെ തലയുയർത്തിപ്പിടിച്ച്, മരണം വരെ ഞാൻ ഫൈറ്റ് ചെയ്യും.''

Post a Comment

Previous Post Next Post